ട്വന്റി-20 ലോകകപ്പ്; കിവികള്‍ക്കെതിരേ ഇന്ത്യക്ക് ഇന്ന് തീക്കളി
ഇഷാന്‍ കിഷനെ ഓപ്പണിങില്‍ ഇറക്കി രാഹുലിനെ മധ്യനിരയിലേക്ക് കൊണ്ടുവരാനും ഇന്ന് സാധ്യതയുണ്ട്.
ദുബയ്: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണ്ണായകം. പാകിസ്താനോട് വന്‍ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയുടെ എതിരാളി ന്യൂസിലന്റാണ്. ന്യൂസിലന്റും പാകിസ്താനോട് തോറ്റാണ് വരുന്നത്. ഇരുവര്‍ക്കും സെമി പ്രതീക്ഷ കാക്കണമെങ്കില്‍ ഇന്ന് ജയിച്ചേ തീരൂ. രാത്രി 7.30ന് ദുബയിലാണ് മല്‍സരം. ഇന്ത്യയുടെ പ്ലേയിങ് ഇലവനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പാകിസ്താനെതിരേ ബാറ്റിങിലും ബൗളിങിലും ഇന്ത്യ പരാജയമായിരുന്നു.
ചരിത്രം
ഇന്ത്യാ-ന്യൂസിലന്റ് മല്‍സരങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ മുന്‍തൂക്കം കിവികള്‍ക്ക് തന്നെയാണ്. നിലവില്‍ ഇന്ത്യ ഭയക്കേണ്ട ടീമാണ് ന്യൂസിലന്റ്.കൂടുതല്‍ തവണ ഏറ്റുമുട്ടിയപ്പോള്‍ ജയം ന്യൂസിലന്റിനൊപ്പമാണ്. അവസാനമായി ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ അവര്‍ ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. അവസാനമായി ഐസിസി ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ ന്യൂസിലന്റിനെ തോല്‍പ്പിച്ചത് 2003ലാണ്. ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു ഈ ജയം. തുടര്‍ന്ന് ഇതുവരെ ട്വന്റിയിലും ഏകദിനത്തിലും ഇന്ത്യക്ക് ന്യൂസിലന്റിനെ മറികടക്കാന്‍ ആയിട്ടില്ല. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ഇന്ത്യ പരാജയപ്പെട്ടതും കിവികള്‍ക്ക് മുന്നിലാണ്.
പാകിസ്താനെതിരേ കളിച്ച ഹാര്‍ദ്ദിക് പാണ്ഡെ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ മാറ്റണമെന്നാണ് മുന്‍ താരങ്ങളുടെ അഭിപ്രായം. പകരം ഇഷാന്‍ കിഷന്‍, ശാര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നിവരെ ടീമിലെടുക്കാനാണ് വിദഗ്ധാ അഭിപ്രായം. ഇഷാന്‍ കിഷനെ ഓപ്പണിങില്‍ ഇറക്കി രാഹുലിനെ മധ്യനിരയിലേക്ക് കൊണ്ടുവരാനും ഇന്ന് സാധ്യതയുണ്ട്.
ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവീന്ദ്ര ജഡേജ എന്നിവരടങ്ങിയ ബൗളിങ് നിര തീര്‍ത്തും പരാജയമാണ്. ഇവര്‍ ഇന്ന് ഫോമിലേക്ക് ഉയര്‍ന്നില്ലെങ്കില്‍ ഇന്ത്യ പരാജയം രുചിക്കുമെന്നുറപ്പാണ്.
കിവി നിരയില്‍ ട്രെന്റ് ബോള്‍ട്ട്, കൈല്‍ ജാമിസണ്‍, ടിം സൗധി, ഇഷ് സോധി, മിച്ചെല്‍ സാന്റ്‌നര്‍ എന്നിവര്‍ ഇന്ത്യയ്ക്ക് ഭീഷണിയാവുമെന്നുറപ്പാണ്.
ദുബയില്‍ ടോസ് നിര്‍ണ്ണായകമാണ്. ടോസില്‍ എന്നും കോഹ്‌ലി നിര്‍ഭാഗ്യവാനാണ്. ആദ്യം പന്തെറിയുന്ന ടീമിനാണ് മികച്ച ലൈനും ലെങ്തും കണ്ടെത്താനാവുക. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തിരഞ്ഞെടുക്കേണ്ടി വന്നാല്‍ ഇന്ത്യക്ക് ഫലം തിരിച്ചടി ആയിരിക്കും.