ഇന്ത്യാ-പാക് മല്‍സരം പോലെ ആവേശം; സൂപ്പര്‍ സണ്‍ഡേയില്‍ അഫ്ഗാന്‍-കിവി അങ്കം
മല്‍സരം ഉച്ചയ്ക്ക് 3.30ന് അബുദബിയിലാണ്.
ദുബയ്: ഈ ലോകകപ്പിലെ ഏറ്റവും ആവേശം വിതറിയ മല്‍സരമായിരുന്നു ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മില്‍ നടന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മല്‍സരവും ഇതായിരുന്നു. ലോകം മുഴുവന്‍ ഉറ്റുനോക്കിയ ഈ മല്‍സരത്തിന് ശേഷം ട്വന്റി -20 ലോകകപ്പില്‍ ആവേശം വിതറാന്‍ ഇന്നിതാ അഫ്ഗാന്‍-കിവി മല്‍സരം. ലോകകപ്പ് സെമിയില്‍ സ്ഥാനം നേടാനുള്ള ഇന്ത്യയുടെ അവസാന വഴിയാണ് ഇന്നത്തെ അഫ്ഗാനിസ്താന്റെ ജയം. മൂന്ന് ജയമുള്ള ന്യൂസിലന്റും സെമി മോഹവുമായാണ് ഇറങ്ങുന്നത്. അഫ്ഗാന്റെ അട്ടിമറി ജയം ആഗ്രഹിക്കുന്നത് ഇന്ത്യന്‍ ആരാധകരാണ്.
ഇതിനോടകം ഈ മല്‍സരം ട്വിറ്ററില്‍ ആഘോഷമായിട്ടുണ്ട്. മറ്റ് സോഷ്യല്‍ മീഡിയകളില്‍ അഫ്ഗാന് പിന്‍തുണയുമായുള്ള ആയിരകണക്കിന് ട്രോളുകളും ഇറങ്ങി കഴിഞ്ഞു. ഇന്ത്യ മുഴുവന്‍ അഫ്ഗാന്റെ ജയത്തിനായി പ്രാര്‍ത്ഥിക്കുന്നു. നൂറുകോടി ജനം അഫ്ഗാനൊപ്പമാണ്. അഫ്ഗാന്‍ ഭയക്കേണ്ട ഇന്ത്യ പിന്നിലുണ്ട് തുടങ്ങിയ പോസ്റ്റുകളാണ് വൈറലായിരിക്കുന്നത്. ലോകത്തിലെ ഒന്നാം നമ്പര്‍ ടീമായിരുന്ന ഇന്ത്യയ്ക്ക് സെമി യോഗ്യതയ്ക്കായി അഫ്ഗാന്‍ പോലുള്ള ടീമിന്റെ ജയത്തിന് വേണ്ടി കാത്തിരിക്കുന്ന അവസ്ഥയെയും ട്രോളന്‍മാര്‍ വെറുതെ വിട്ടിട്ടില്ല. മല്‍സരം ഉച്ചയ്ക്ക് 3.30ന് അബുദബിയിലാണ്.