ലോകകപ്പ്; ക്രൊയേഷ്യ ചാരം; അര്‍ജന്റീന ഫൈനലില്‍
ഇത് ആറാം തവണയാണ് അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്.
ദോഹ: ഫുടബോള്‍ മിശ്ശിഹായ്ക്ക് വിശ്വകിരീടം നേടാന്‍ ഇതാ വീണ്ടും അവസരം.ഇന്ന് നടന്ന സെമിയില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് വാമോസ് ഫൈനലില്‍ ഇടം നേടിയത്.ലയണല്‍ മെസ്സി(34), ജൂലിയാന്‍ അല്‍വാരസ് (39, 69) എന്നിവരാണ് നീലപ്പടയ്ക്കായി സ്‌കോര്‍ ചെയ്തത്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളായ ഡൊമിനിക്ക് ലിവാകോവിച്ചിനെ നിശ്ചലനാക്കി ആയിരുന്ന അര്‍ജന്റീനയുടെ സ്‌കോറിങ്. ഇത് ആറാം തവണയാണ് അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്.
ലൂസെയ്ല്‍ സ്റ്റേഡിയത്തിലെ ആദ്യ 30 മിനിറ്റ് മല്‍സരം ക്രൊയേഷ്യയ്ക്ക് സ്വന്തമായിരുന്നു. നീലപ്പടയെ നിശ്ചലമാക്കി ആയിരുന്നു അവരുടെ പ്രകടനം. എന്നാല്‍ 32ാം മിനിറ്റ് മുതല്‍ കളി മാറി. സൂപ്പര്‍ താരം ജൂലിയാന്‍ അല്‍വാരസിനെ തടയാനുള്ള ലിവാകോവിച്ച് നടത്തിയ ശ്രമം അവര്‍ക്ക് തന്നെ തിരിച്ചടിയായി. ലഭിച്ചത് വാമോസിന് പെനാല്‍റ്റി. പെനാല്‍റ്റി എടുത്ത മെസ്സിക്ക് പിഴച്ചില്ല. ലീഡ് നേടിയ ശേഷം ലൂസെയ്ല്‍ സ്റ്റേഡിയത്തില്‍ കണ്ടത് മറ്റൊരു അര്‍ജന്റീനയെ. ക്രൊയേഷ്യയുടെ മിഡ്ഫീല്‍ഡിങ് എന്ന കരുത്തിനെ വാമോസ് തകര്‍ത്തെറിഞ്ഞു. മെസ്സിയെ പൂട്ടാന്‍ ക്രൊയേഷ്യ ശ്രമിച്ചപ്പോള്‍ അത് മുതലാക്കി അല്‍വാരസും പരേഡസും എന്‍സോ ഫെര്‍ണാണ്ടസും മക്കലിസ്റ്ററും മുന്നേറി. മെസ്സിക്ക് ബ്ലോക്കിട്ട ആ സ്‌പേസ് അര്‍ജന്റീന മുതലാക്കി കളിച്ചു. രണ്ടാം ഗോള്‍ അല്‍വാരസിലൂടെ 39ാം മിനിറ്റില്‍.മധ്യനിരയില്‍ ഡി പോള്‍ തകര്‍ത്ത് കളിച്ചതോടെ ക്രൊയേഷ്യയ്ക്ക് വീണ്ടും പിടിവിടുകയായിരുന്നു.
അല്‍വാരസിന്റെ ആദ്യ ഗോള്‍ ഒരു വണ്ടര്‍ സോളോ ഗോള്‍ ആയിരുന്നു. 39ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിലെ വണ്ടര്‍ സോളോ റണ്ണില്‍ മൂന്ന് ക്രൊയേഷ്യന്‍ താരങ്ങളെ ഡ്രിബിള്‍ ചെയ്ത് മുന്നേറിയ ആല്‍വാരസ് സോസ, ലിവാകോവിച്ച് എന്നിവരെയും മാറ്റി പന്ത് വലയിലേക്ക് തൊടുത്ത് വിടുകയായിരുന്നു. ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് അല്‍വാരസ് വീണ്ടും ഒരു ശ്രമം നടത്തിയിരുന്നു.
58ാം മിനിറ്റില്‍ മെസ്സി വീണ്ടും ഒരു ഗോളിനായി ശ്രമിച്ചു.എന്നാല്‍ ലിവാകോവിച്ച് അത് തട്ടിയിടുകയായിരുന്നു. 69ാം മിനിറ്റില്‍ ക്രൊയേഷ്യന്‍ പ്രതിരോധത്തെ ഏറെ നേരം വട്ടം കറക്കിയ മെസ്സി അല്‍വാരസിന് പന്ത് നല്‍കുന്നു. സൂപ്പര്‍ ഫിനിഷിങിലൂടെ അല്‍വാരസ് അര്‍ജന്റീനയുടെ ലീഡ് വര്‍ദ്ധിപ്പിച്ചു.
4-4-2 ഫോര്‍മേഷനിലാണ് സ്‌കലോണി ഇന്ന് ടീമിനെ ഇറക്കിയത്. ലിസാന്‍ഡ്രോ മാര്‍ട്ടിന്‍സിന് പകരം ലിയാന്‍ഡ്രോ പരേഡസും സസ്‌പെന്‍ഷന്‍ കാരണം പുറത്തിരിക്കുന്ന മാര്‍ക്കസ് അക്ക്യുനക്ക് പകരം നിക്കോളസ് ടാഗ്ലിഫിക്കോയെയുമാണ് ടീം ഇന്ന് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ക്രൊയേഷ്യയാവട്ടെ ബ്രസീലിനെതിരേ ഇറക്കിയ അതേ ടീമിനെയും ഇറക്കി. ബ്രസീലിനെതിരേ ഇറക്കിയ പ്രതിരോധത്തെ ഭേദിക്കാനുള്ള തന്ത്രങ്ങളുമായാണ് സ്‌കലോണി ഇന്ന് ശിഷ്യന്‍മാരെ ഇറക്കിയത്. അത് ഫലിക്കുകയും ചെയ്തു.