കാല്‍പ്പന്തിന്റെ വിശ്വകിരീടത്തിനു വേണ്ടിയുള്ള പോരാട്ടം അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. ഇനി രണ്ടേ രണ്ട് മല്‍സരങ്ങള്‍ ജയിക്കുന്നവര്‍ക്ക് സ്വര്‍ണക്കപ്പില്‍ മുത്തമിടാം. ആദ്യ സെമിയില്‍ ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി 12.30ന് ലാറ്റിന്‍ അമേരിക്കന്‍ ശക്തികളായ അര്‍ജന്റീനയും യൂറോപ്പ്യന്‍ ശക്തികളായ ക്രൊയേഷ്യയുമാണ് കൊമ്പുകോര്‍ക്കുന്നത്. മൂന്നാം ലോകകപ്പ് കിരീടം തേടിയാണ് അര്‍ജന്റീന വരുന്നത്. റഷ്യന്‍ ലോകകപ്പില്‍ കൈവിട്ട ആദ്യ കിരീടം കൈപ്പിടിയിലാക്കുക എന്നതു മാത്രമാണ് ക്രൊയേഷ്യയുടെ ലക്ഷ്യം. ഈ ലോകകപ്പോടെ വിരമിക്കാനിരിക്കുന്ന ഇതിഹാസ നായകന്‍ ലയണല്‍ മെസ്സിക്ക് വിശ്വകിരീടം നല്‍കി യാത്രയപ്പ് നല്‍കാനാണ് വാമോസിന്റെ പടപ്പുറപ്പാട്.
നായകന്റെ കനകകിരീടമെന്ന മോഹം പൂവണിയിപ്പിക്കാന്‍ രണ്ട് ജയങ്ങള്‍ മാത്രം മതി. ക്വാര്‍ട്ടറില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഷൂട്ടൗട്ടിലാണ് നെതര്‍ലന്റസിനെ അര്‍ജന്റീന പരാജയപ്പെടുത്തിയത്. കിരീട ഫേവറിറ്റുകളായ ബ്രസീലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ക്രൊയേഷ്യയുടെ വരവ്. മല്‍സരത്തിന്റെ എല്ലാ ആധിപത്യവും ബ്രസീല്‍ നേടിയിട്ടും ഷൂട്ടൗട്ട് ഭാഗ്യം ക്രൊയേഷ്യയെ തുണയ്ക്കുകയായിരുന്നു.
ഈ ലോകകപ്പിലെ ഏറ്റവും മികച്ച രണ്ട് ഗോള്‍കീപ്പര്‍മാര്‍ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മല്‍സരത്തിനുണ്ട്. അര്‍ജന്റീനാ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിന്‍സും ക്രൊയേഷ്യന്‍ ഗോള്‍ കീപ്പര്‍ ഡൊമിനിക്ക് ലിവാകോവിച്ചും തമ്മിലുള്ള പോരാട്ടം കാണാന്‍ ലൂസെയ്ല്‍ സ്റ്റേഡിയം കാത്തിരിക്കുകയാണ്. ലോകത്തിലെ ഒന്നാം നമ്പര്‍ സ്!്രൈടക്കര്‍മാര്‍ അണിനിരന്ന ബ്രസീല്‍ സ്‌ക്വാഡിന് മുന്നില്‍ ഇഞ്ചുറി ടൈം വരെ വന്‍മതിലായി നിന്നത് ലിവാകോവിച്ചായിരുന്നു. നെയ്മറുടെ ലോകോത്തോര ഗോളിന് മുന്നില്‍ ലിവാകോവിച്ച് കീഴടങ്ങിയെങ്കിലും ഷൂട്ടൗട്ടില്‍ റൊഡ്രിഗോയുടെ കിക്ക് സേവ് ചെയ്ത് ടീമിന് സെമി ടിക്കറ്റ് നല്‍കുകകായിരുന്നു.
ജപ്പാനെ പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയതും ലിവാകോവിച്ചിന്റെ മാന്ത്രിക കരങ്ങളായിരുന്നു. ഡച്ച് നായകന്‍ വിര്‍ജില്‍ വാന്‍ഡെക്ക്, ബെര്‍ഗ്യൂസ് എന്നിവരുടെ ഷോട്ടുകള്‍ തട്ടിയകറ്റിയാണ് എമി മാര്‍ട്ടിന്‍സ് അര്‍ജന്റീനയ്ക്ക് സെമി ബെര്‍ത്ത് നല്‍കിയത്. ഇരുഗോള്‍കീപ്പര്‍മാരും ഗോള്‍മുഖത്ത് പ്രതിരോധം സൃഷ്ടിക്കുമ്പോള്‍ ഏത് ടീം അത് ഭേദിക്കുമെന്ന് കണ്ടറിയേണ്ടി വരും. അര്‍ജന്റീനന്‍ ടീമിലെ എല്ലാ താരങ്ങളും സൂപ്പര്‍ ഫോമിലാണ്. മെസ്സിയെന്ന കേന്ദ്ര ബിന്ദു തന്നെയാണ് ടീമിന്റെ നെടുംതൂണ്‍. എന്നാല്‍ മാര്‍ക്കോസ് അക്ക്വാനാ, ഗോണ്‍സാലോ മൊന്റീല്‍ എന്നിവരുടെ അഭാവം ടീമിന് തിരിച്ചടിയാവും. കഴിഞ്ഞ മല്‍സരത്തില്‍ രണ്ട് യെല്ലോ കാര്‍ഡ് ലഭിച്ചതിനാല്‍ താരങ്ങള്‍ക്ക് ഈ മല്‍സരത്തില്‍ ഇറങ്ങാന്‍ കഴിയില്ല. എന്നാല്‍ ഫുള്‍ബാക്ക് മൊളീനാ, നിക്കോളസ് ടാഗ്ലിഫിസോ എന്നിവര്‍ ആദ്യ ഇലവനില്‍ ഇടം പിടിച്ചേക്കും. പരിക്കില്‍ നിന്ന് മോചിതരായ അലക്സാന്‍ഡ്രോ ഗോമസ്, ഏയ്ഞ്ചല്‍ ഡി മരിയ, റൊഡ്രിഗോ ഡി പോള്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തുന്നത് കരുത്ത് കൂട്ടുമെന്നുറപ്പ്. മാര്‍ട്ടിന്‍സ്, മൊളീനാ, റൊമേരോ, ഒട്ടാമെന്‍ഡി, ടാഗ്ലിയാഫിസോ, ഡി മരിയാ, ഡി പോള്‍, എന്‍സോ ഫെര്‍ണാണ്ടസ്, മാക്ക് അലിസ്റ്റര്‍, മെസ്സി, അല്‍വാരസ് എന്നിവരടങ്ങിയതാണ് സാധ്യതാ ഇലവന്‍.
മറുഭാഗത്ത് ക്രൊയേഷ്യയും മികച്ച ആത്മവിശ്വാസത്തിലാണ്. മെസ്സിയെയോ റൊണാള്‍ഡോയെയെ നെയ്മറിനെയോ പോലെ പാടിപ്പുകഴ്ത്തിയിട്ടില്ലെങ്കിലും അവര്‍ക്കുമൊരു നായകനുണ്ട്. ലൂക്കാ മൊഡ്രിച്ച് എന്ന ക്യാപ്റ്റന്റെ മിഡ്ഫീല്‍ഡിങ് മാജിക്ക് തന്നെയാവും ഇന്നത്തെ വിധിനിര്‍ണയിക്കുക. നിലവില്‍ റണ്ണേഴ്സ് അപ്പായ ക്രയേഷ്യക്ക് ഇത്തവണ കപ്പെടുത്ത് ദാഹം തീര്‍ക്കണം. തുടക്കത്തില്‍ ആരും അത്ര വില നല്‍കിയിരുന്നില്ല ക്രൊയേഷ്യയ്ക്ക്. കിരീട ഫേവററ്റുകളുടെ പട്ടികയില്‍ പോലും മോഡ്രിച്ചിന്റെ ടീം ഉണ്ടായിരുന്നില്ല. എന്നാല്‍ പതിയെ തുടങ്ങിയ ക്രൊയേഷ്യ 2018 ആവര്‍ത്തിക്കുകയായിരുന്നു.
ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരുള്ളത് ക്രൊയേഷ്യയന്‍ നിരയിലാണ്. ഡിഫന്‍ഡര്‍ മാര്‍സലോ ബ്രൊസോവിച്ച്, മാറ്റോ കോവിസിച്ച് എന്നിവരും പ്രതീക്ഷയ്ക്കൊത്ത് ഉയരുമെന്നാണ് ടീമിന്റെ കണക്കുകൂട്ടല്‍. ഇറ്റാലിയന്‍ റഫറി ഡാനിയേലേ ഒറാസ്റ്റോയാണ് മല്‍സരം നിയന്ത്രിക്കുക. റഷ്യയില്‍ ഫ്രാന്‍സിനോട് കൈവിട്ട കിരീടം നേടാന്‍ അര്‍ജന്റീനയെ ഏത് വിധേനെയും വീഴ്ത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്രൊയേഷ്യ ഇറങ്ങുന്നത്. മെസ്സിയെന്ന ഒറ്റയാനെ മാത്രമല്ല അര്‍ജന്റീന എന്ന ടീമിനെ മുഴുവനായി പൂട്ടാനുള്ള തന്ത്രങ്ങള്‍ പക്കലുണ്ടെന്ന് ക്യാപ്റ്റന്‍ ബ്രൂണോ പെറ്റ്കോവിച്ച് വ്യക്തമാക്കിക്കഴിഞ്ഞു.
2018 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനയെ ക്രൊയേഷ്യ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയിരുന്നു. ഖത്തറിലെ ഗ്യാലറിയില്‍ ടീമിനായി അണിനിരക്കുന്ന 12ാമന്‍ ആരാധകര്‍ തന്നെയാണ്. 40,000 അര്‍ജന്റീന്‍ ആരാധകര്‍ മല്‍സരത്തിനായി ലൂസെയ്ല്‍ സ്റ്റേഡിയത്തില്‍ അണിനിരക്കും. ഓറഞ്ച് പടയ്ക്കെതിരായ മല്‍സരത്തില്‍ ടീമിന് ആരാധകര്‍ നല്‍കിയ ഊര്‍ജ്ജം ഈ മല്‍സരത്തിലും ലഭിക്കും. ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്ബോളറായ ലയണല്‍ മെസ്സിക്ക് കിരീട നേട്ടത്തോടെ കരിയറിന് വിരാമമിടാനുള്ള ആദ്യ പടിയായ ജയം കാണാനാണ് ആരാധകര്‍ക്ക് ലൂസെയ്ല്‍ സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തുക. അതോ, ക്രൊയേഷന്‍ കളിമിടുക്കിനു മുന്നില്‍ വീണ നെയ്മറിന്റെയും മൊറോക്കോയ്ക്ക് മുന്നില്‍ കീഴടങ്ങിയ റൊണാള്‍ഡോയുടെയും കണ്ണീരിന്റെ വഴിയെ മെസ്സിയും കണ്ണുതുടച്ചുനീങ്ങുമോ എന്ന് ഇന്നറിയാം.