ഡച്ച് ഫുട്‌ബോള്‍ താരം ആര്യന്‍ റോബന്‍ വിരമിച്ചു

നെതര്‍ലണ്ടിന് വേണ്ടി 2010 ലോകകപ്പ് ഫൈനലില്‍ കളിച്ച ആര്യന്‍ റോബന്‍ 96 തവണ രാജ്യത്തിനു വേണ്ടി കളത്തിലിറങ്ങി

Update: 2019-07-04 16:45 GMT

ആംസ്റ്റര്‍ഡാം: ഹോളണ്ട് ദേശീയ ടീം മുന്‍ ക്യാപ്റ്റന്‍ ആര്യന്‍ റോബന്‍ പ്രഫഷനല്‍ ഫുട്‌ബോളില്‍നിന്ന് വിരമിച്ചു. 35കാരനായ റോബന്റെ ബയേണ്‍ മ്യൂണിച്ചുമായുള്ള കരാര്‍ കഴിഞ്ഞ സീസണോടെ അവസാനിച്ചിരുന്നു. ജര്‍മന്‍ ബുന്ദസ് ലിഗയില്‍ ബയണ്‍ മ്യൂണിച്ചിനു കളിച്ചിരുന്ന ഇദ്ദേഹം ക്ലബ് വിട്ടതിനു പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. രണ്ടു പതിറ്റാണ്ടോളം നീണ്ട കരിയറില്‍ ഇംഗ്ലിഷ് ക്ലബ് ചെല്‍സി, സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡ് എന്നിവയ്ക്കു വേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. വിവിധ ക്ലബ്ബുകള്‍ക്കായി 606 മല്‍സരങ്ങളില്‍നിന്ന് 210 ഗോളുകളാണ് റോബന്റെ കാലുകളില്‍നിന്നും പിറന്നത്. റയല്‍ മാഡ്രിഡിനു വേണ്ടി സ്പാനിഷ് സൂപ്പര്‍കപ്പ്, ലാലിഗ കിരീടങ്ങളും ചെല്‍സിക്ക് വേണ്ടി രണ്ട് പ്രീമിയര്‍ കിരീടങ്ങളും നേടിയിട്ടുണ്ട്. ആര്യന്റെ സാന്നിധ്യത്തില്‍ എട്ടുതവണയാണ് ബയേണ്‍ ബുണ്ടസ് ലിഗ കിരീടം നേടിയിരുന്നു. നെതര്‍ലണ്ടിന് വേണ്ടി 2010 ലോകകപ്പ് ഫൈനലില്‍ കളിച്ച ആര്യന്‍ റോബന്‍ 96 തവണ രാജ്യത്തിനു വേണ്ടി കളത്തിലിറങ്ങി. 'എന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമാണിത്. പ്രഫഷനല്‍ ഫുട്‌ബോള്‍ കരിയറിന് വിരാമമിടാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു. ഹൃദയവും മനസ്സും തമ്മിലുള്ള സംഘട്ടനത്തിനൊടുവിലാണ് അന്തിമ തീരുമാനമെടുത്തതെന്നും റോബന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.



Tags:    

Similar News