അഞ്ചടിച്ച് ബാഴ്‌സലോണയുടെ സീസണ് അവസാനം; മെസ്സിക്ക് റെക്കോഡ്
ഇന്ന് ആല്‍വ്‌സിനെതിരേ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനാണ് മെസ്സിപ്പട ജയിച്ചത്.
മാഡ്രിഡ്: കൈയെത്തും ദൂരത്ത് കിരീടം നഷ്ടപ്പെട്ട ബാഴ്‌സലോണയുടെ സീസണ്‍ ഗോള്‍ മഴയോടെ അവസാനിച്ചു.ഇന്ന് ആല്‍വ്‌സിനെതിരേ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിനാണ് മെസ്സിപ്പട ജയിച്ചത്. ലീഗിലെ 16ാം സ്ഥാനത്തുള്ള ആല്‍വ്‌സിനെതിരേ ആളിക്കത്തുന്ന ബാഴ്‌സപ്പടയെയാണ് ഇന്ന് കാണാന്‍ കഴിഞ്ഞത്.
കഴിഞ്ഞ ദിവസം ഒസാസുനയ്‌ക്കെതിരേ തോല്‍വി നേരിട്ട ടീമിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ആല്‍വ്‌സിനെതിരേ കണ്ടത്. ഇരട്ട ഗോള്‍ നേടിയ മെസ്സി(34, 75), അന്‍സു ഫാത്തി (24), സുവാരസ് (44), നെല്‍സണ്‍ സിമെഡോ(57) എന്നിവരാണ് കറ്റാലന്‍സിനായി സ്‌കോര്‍ ചെയ്തത്. ഇരട്ട ഗോള്‍ നേട്ടത്തോടെ മെസ്സി സ്പാനിഷ് ലീഗില്‍ സീസണില്‍ 25 ഗോള്‍ നേടി. ഇതോടെ ഈ സീസണിലെ ലാ ലിഗ ടോപ് സ്‌കോറര്‍ മെസ്സിയായി. സീസണില്‍ താരം 21 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. സ്പാനിഷ് ലീഗില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നേടിയ റെക്കോഡും താരം ഇന്ന് നേടി. 20 അസിസ്റ്റ് നേടിയ സാവിയുടെ റെക്കോഡാണ് മെസ്സി തിരുത്തിയത്. 82 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബാഴ്‌സലോണ സീസണ്‍ അവസാനിപ്പിക്കുന്നത്. കിരീടം നേടിയ റയല്‍ മാഡ്രിഡിന് 86 പോയിന്റാണുള്ളത്.