ചാംപ്യന്‍സ് ലീഗ്; ബാഴ്സയെ എട്ടുനിലയില്‍ പൊട്ടിച്ച് ബയേണ്‍ മ്യൂണിക്ക്

Update: 2020-08-15 05:39 GMT

ലിസ്ബണ്‍: ചാംപ്യന്‍സ് ലീഗില്‍ നിന്ന് ബാഴ്സലോണ പുറത്ത്. ജര്‍മന്‍ ഭീമന്‍മാരായ ബയേണ്‍ മ്യൂണിക്കിനോട് 8-2നാണ് ബാഴ്സലോണ തോറ്റത്. ബാഴ്സയുടെ ചരിത്രത്തിലെ നാണക്കെട്ട തോല്‍വിക്കാണ് ലിസ്ബണ്‍ സാക്ഷിയായത്. ഒരു തരത്തിലും ബാഴ്സയെ മുന്നിലെത്താന്‍ അനുവദിക്കാത്ത പ്രകടനമായിരുന്നു ബയേണിന്റേത്. ഇതോടെ ഇത്തവണത്തെ ചാംപ്യന്‍സ് ലീഗിലെ ഏക പ്രതീക്ഷയായ സ്പാനിഷ് ക്ലബ്ബും പുറത്തായി. മല്‍സരം തുടങ്ങി നാലാം മിനിറ്റില്‍ തന്നെ ജര്‍മന്‍ ക്ലബ്ബ് ആക്രമണം തുടങ്ങിയിരുന്നു. മുള്ളറാണ് ബയേണിന്റെ ആദ്യഗോള്‍ നേടിയത്. നാലാം മിനിറ്റില്‍ ലെവന്‍ഡോസ്‌കിയുടെ പാസ്സില്‍ നിന്നായിരുന്നു ആദ്യ ഗോള്‍. തുടര്‍ന്ന് ഏഴാം മിനിറ്റില്‍ ബാഴ്സ തിരിച്ചടിച്ചു. അലാബയുടെ വക ഒരു സെല്‍ഫ് ഗോളായിരുന്നു അത്. എന്നാല്‍, പിന്നീട് ബയേണിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളാണ് കാണാന്‍ കഴിഞ്ഞത്. 21ാം മിനിറ്റില്‍ പെരിസിച്ചിന്റെ വക ബയേണിന്റെ രണ്ടാം ഗോള്‍. ഗ്‌നാബറിയുടെ പാസ്സില്‍ നിന്നായിരുന്നു ആ ഗോള്‍. തുടര്‍ന്ന് ഗ്‌നാബറിയുടെ വക 27ാം മിനിറ്റില്‍ അടുത്ത ഗോള്‍. 31ാം മിനിറ്റില്‍ മുള്ളറുടെ രണ്ടാം ഗോള്‍. ആദ്യപകുതിയില്‍ 4-1 ന്റെ ലീഡ് ബയേണ്‍ നേടിയപ്പോള്‍ തന്നെ ബാഴ്സ പരാജയം ഉറപ്പിച്ചിരുന്നു.

    രണ്ടാം പകുതിയില്‍ ഗ്രീസ്മാനെ ഇറക്കിയെങ്കിലും ബാഴ്സയ്ക്ക് രക്ഷയില്ലായിരുന്നു. തുടര്‍ന്ന് 57ാം മിനിറ്റില്‍ ലൂയിസ് സുവാരസ് ബാഴ്സയ്ക്കായി ആശ്വാസ ഗോള്‍ നേടി. സുവാരസിന്റെ ഗോളൊന്നും ബയേണിനെ പിന്നോട്ടടിപ്പിച്ചില്ല. തുടര്‍ന്ന് 63ാം മിനിറ്റില്‍ കിമ്മിച്ചിന്റെ വക ബയേണിന്റെ അഞ്ചാം ഗോളും വീണു. ഇതിനോടകം തന്നെ ബാഴ്സ തോല്‍വി ഉറപ്പിച്ചിരുന്നു. ആറാംഗോള്‍ ബയേണിന്റെ ടോപ് സ്‌കോറര്‍ ലെവന്‍ഡോസ്‌കിയുടെ വക 82ാം മിനിറ്റിലാണ്. ഏഴും എട്ടു ഗോള്‍ വീണത് മുന്‍ ബാഴ്സാ താരം കുട്ടീഞ്ഞോയുടെ ബൂട്ടില്‍ നിന്നായിരുന്നു. 85, 89 മിനിറ്റുകളിലായിരുന്നു ഈ ഗോളുകള്‍. ബാഴ്സയുടെ നെഞ്ചുപിളര്‍ന്ന ഗോളുകളായിരുന്നു ഇത്. ലോകോത്തര ക്ലബ്ബായ ബാഴ്സയെ ഒന്ന് തിരിച്ചടിക്കാന്‍ പോലും വിടാതെയാണ് ബയേണ്‍ ജയം കരസ്ഥമാക്കിയത്.

Baryen demolish hapless Barcelona to march into UCL semi-finals





Tags:    

Similar News