കിരീടത്തിനോടടുത്ത് ബയേണ്‍; ലെവര്‍കൂസന് ഞെട്ടിക്കുന്ന തോല്‍വി
ആറുമല്‍സരങ്ങള്‍ ശേഷിക്കെ ബയേണിന് ഏഴ് പോയിന്റിന്റെ ലീഡായി. ഡോര്‍ട്ട്മുണ്ട് പ്രതിരോധത്തിന്റെ പിഴവുകളാണ് ബയേണിന് ഇന്ന് തുണയായത്.
ബെര്‍ലിന്‍: ജര്‍മന്‍ ബുണ്ടസാ ലീഗില്‍ ബയേണ്‍ മ്യൂണിക്ക് കിരീടനേട്ടത്തിന് തൊട്ടരികെ. ഇന്ന് നടന്ന സൂപ്പര്‍ ക്ലാസ്സിക്കോയില്‍ ഒന്നാം സ്ഥാനക്കാരായ ബയേണ്‍ രണ്ടാം സ്ഥാനക്കാരായ ഡോര്‍ട്ട്മുണ്ടിന് തോല്‍പ്പിച്ചതോടെയാണ് ലീഗില്‍ വന്‍ ലീഡ് നേടിയത്. 43ാം മിനിറ്റില്‍ ജോഷ്വാ കിമിഷേ നേടിയ ഏക ഗോളാണ് ബയേണിന് തുണയായത്. ആറുമല്‍സരങ്ങള്‍ ശേഷിക്കെ ബയേണിന് ഏഴ് പോയിന്റിന്റെ ലീഡായി. ഡോര്‍ട്ട്മുണ്ട് പ്രതിരോധത്തിന്റെ പിഴവുകളാണ് ബയേണിന് ഇന്ന് തുണയായത്.
ഇന്ന് നടന്ന മറ്റൊരു തകര്‍പ്പന്‍ മല്‍സരത്തില്‍ ബയേണ്‍ ലെവര്‍കൂസന്‍ വോള്‍വ്സ്ബര്‍ഗിനെ 4-1ന് തോല്‍പ്പിച്ചു. അഞ്ചാം സ്ഥാനക്കാരായ ലെവര്‍കൂസന്‍ ആറാം സ്ഥാനക്കാരായ വോള്‍വ്സിനോട് തോറ്റത് അവരുടെ ചാംപ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. ആറുഗോള്‍ ത്രില്ലര്‍ കണ്ട ഫ്രാങ്ക്ഫര്‍ട്ട്-്രേഫബര്‍ഗ് പോരാട്ടം സമനിലയില്‍ കലാശിച്ചു.
ഇരുടീമും മൂന്ന് ഗോള്‍ വീതം നേടിയാണ് മല്‍സരം സമനിലയിലാക്കിയത്. ഫ്രേബര്‍ഗ് ലീഗില്‍ ഏഴാം സ്ഥാനത്തും ഫ്രാങ്ക്ഫര്‍ട്ട് 14ാം സ്ഥാനത്തുമാണുള്ളത്. വെര്‍ഡര്‍ ബ്രമന്‍- ബയേണ്‍ മഗ്ലെബാഷെ മല്‍സരവും ഗോള്‍ രഹിത സമനിലിയില്‍ കുരുങ്ങി. നാലാം സ്ഥാനക്കാരായ മഗ്ലെബാഷെയെ സമനിലയില്‍ പിടിച്ചത് 17ാം സ്ഥാനക്കാരായ വെര്‍ഡര്‍ ബ്രമനാണ്. പുറത്താവല്‍ ഭീഷണിയിലുള്ള വെര്‍ഡര്‍ ബ്രമനോടേറ്റ സമനില മഗ്ലെബാഷെയ്ക്കും തിരിച്ചടിയാണ്. ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്ക് മഗ്ലെബാഷെയ്ക്ക് ഇനിയുള്ള മല്‍സരങ്ങള്‍ ജയിച്ചെ മതിയാവൂ.