ഐഎസ്എല്‍ റഫറിങിനെതിരേ ബെംഗളൂരു എഫ്‌സിയും രംഗത്ത്
കര്‍മഫലമെന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ കുറ്റപ്പെടുത്തിയത്.
ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലിലെ തെറ്റായ റഫറിങിനെതിരേ ബെംഗളൂരു എഫ്‌സി. എടികെയ്‌ക്കെതിരായ ഫൈനലിലെ പല തെറ്റായ തീരുമാനങ്ങളും ടീമിന്റെ തോല്‍വിക്ക് കാരണമായെന്നാണ് ബെംഗളൂരുവിന്റെ കണ്ടെത്തല്‍. വിഷയത്തില്‍ പ്രതികരണവുമായി ക്ലബ് ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍ രംഗത്തെത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ 'വാര്‍' സാങ്കേതിക വിദ്യ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാരണം റഫറിമാരെടുക്കുന്ന തീരുമാനങ്ങള്‍ വലിയ മത്സരങ്ങളെ ബാധിക്കുന്നു. മത്സരത്തില്‍ റഫറിമാര്‍ എടുത്ത തീരുമാനം വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബെംഗളൂരു മുന്നിട്ട് നില്‍ക്കുമ്പോഴാണ് വിവാദം അരങ്ങേറുന്നത്. പന്തുമായി ബോക്‌സിലേക്ക് കുതിച്ച എടികെ മോഹന്‍ ബഗാന്റെ യുവതാരം കിയാന്‍ നസിരിയെ ബെംഗളൂരു താരം പാബ്ലോ പെരെസ് ബോക്‌സിനു തൊട്ട് പുറത്തു ഫൗള്‍ ചെയ്യുന്നു. തുടര്‍ന്ന് റഫറി എടികെ മോഹന്‍ ബഗാന് പെനാല്‍റ്റി അനുവദിക്കുകയും അവരത് സ്‌കോര്‍ ചെയ്തതോടെ മത്സരം സമനിലയിലായി. തുടര്‍ന്ന്, മത്സരം അധികസമയത്തേക്കും പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്കും നീങ്ങി. ഷൂട്ടൗട്ടില്‍ വിജയം എടികെ മോഹന്‍ ബഗാന് ഒപ്പമായിരുന്നു.
എന്നാല്‍, ബെംഗളൂരു എഫ്സിക്ക് എതിരെയുള്ള റഫറിയുടെ നടപടി കര്‍മഫലമെന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ കുറ്റപ്പെടുത്തിയത്. ട്വിറ്ററിലൂടെയാണ് ആരാധകര്‍ ബെംഗളൂരുവിനെതിരേ രംഗത്ത് വന്നത്.
ഈ സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളുരുവിനെതിരായ നിര്‍ണായക എലിമിനേറ്റര്‍ മത്സരത്തില്‍ റഫറിയുടെ തീരുമാനം കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായിരുന്നു. അന്ന് സുനില്‍ ഛേത്രി എടുത്ത ഫ്രീകിക്ക് അനുവദിച്ച റഫറിയുടെ നടപടിയില്‍ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകന്‍ മത്സരം ബഹിഷ്‌കരിച്ചത് വിവാദമായിയിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിലെ മോശം റഫറിയിങ്ങില്‍ പ്രതിഷേധിച്ചായിരുന്നു ഇവാന്റെ നീക്കം. അന്ന് പാര്‍ത്ഥ് ജിന്‍ഡാല്‍ കേരള ബ്ലാസ്റ്റേഴ്സിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. തന്റെ നിലപാട് മാറ്റിപറയേണ്ട സാഹചര്യം ബെംഗളൂരു ഉടമക്ക് വന്നു എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ചൂണ്ടികാണിക്കുന്നത്. കിരീടം നേടിയ എടികെയെ ബ്ലാസ്‌റ്റേഴ്‌സ് അഭിനന്ദിച്ചിരുന്നു.