ഫിഫാ റാങ്കിങ്; ബ്രസീല്‍ ഒന്നാമന്‍ തന്നെ; ലോക ചാംപ്യന്‍മാര്‍ രണ്ടാമത്
മൊറോക്കോ ആദ്യമായി ലോക റാങ്കിങില്‍ 11ാം സ്ഥാനത്തെത്തി.
സൂറിച്ച്: ലോകകപ്പ് മല്‍സരങ്ങള്‍ അവസാനിച്ചതിന് ശേഷമുള്ള ഏറ്റവും പുതിയ ഫിഫാ റാങ്കിങിലും ബ്രസീല്‍ തന്നെ ഒന്നില്‍ തുടരും. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീല്‍ അത് നിലനിര്‍ത്തുകയായിരുന്നു. ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായെങ്കിലും മഞ്ഞപ്പട പോയിന്റ് നിലനിര്‍ത്തി. അതേ സമയം ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന രണ്ടാം സ്ഥാനത്തെത്തി. റണ്ണേഴ്‌സ് അപ്പായ ഫ്രാന്‍സ് മൂന്നാം സ്ഥാനത്തും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ ബെല്‍ജിയം നാലാം സ്ഥാനത്തുമാണുള്ളത്. ക്വാര്‍ട്ടറില്‍ വീണ ഇംഗ്ലണ്ടും നെതര്‍ലന്റസും നാലും അഞ്ചും സ്ഥാനങ്ങളിലാണുള്ളത്.
ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ക്രൊയേഷ്യ റാങ്കിങില്‍ ഏഴാം സ്ഥാനത്തെത്തി. ലോകകപ്പ് യോഗ്യത ലഭിക്കാത്ത ഇറ്റലിക്ക് എട്ടാം സ്ഥാനവും ക്വാര്‍ട്ടറില്‍ പുറത്തായ പോര്‍ച്ചുഗലിന് ഒമ്പതാം സ്ഥാനവും പ്രീക്വാര്‍ട്ടറില്‍ പുറത്തായ സ്‌പെയിനിന് 10ാം സ്ഥാനവുമാണുള്ളത്. ഈ ലോകകപ്പില്‍ സ്വപ്‌ന കുതിപ്പ് നടത്തി സെമി വരെയെത്തിയ മൊറോക്കോ ആദ്യമായി ലോക റാങ്കിങില്‍ 11ാം സ്ഥാനത്തെത്തി.