കാണികളില്ല, ആഹ്ലാദപ്രകടനമില്ല; അകലം പാലിച്ച് ജര്‍മനിയുടെ ഫുട്‌ബോള്‍ വിരുന്ന്
ബെര്‍ലിന്‍: കൊറോണയെ തുടര്‍ന്ന് വിജനമായ ലോകത്ത് ഫുട്‌ബോള്‍ ആവേശത്തിന് തുടക്കമിട്ട് ജര്‍മനി. യൂറോപ്പില്‍ ജര്‍മനിയാണ് ഫുട്‌ബോള്‍ മാമാങ്കത്തിന് ആദ്യമായി തുടക്കമിട്ടത്. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ കാണികളുടെ അസാന്നിധ്യത്തിലായിരുന്നു മല്‍സരം. വരുംദിനങ്ങളില്‍ യൂറോപില്‍ അരങ്ങേറാനിരിക്കുന്ന ലീഗുകളുടെ ഒരു ട്രയല്‍ റണ്‍ എന്നു വേണമെങ്കില്‍ ഇന്നത്തെ മല്‍സരങ്ങളെ വിലയിരുത്താം. സ്‌റ്റേഡിയത്തില്‍ ഉള്ളത് 300 പേര്‍. കളിക്കാര്‍, ഒഫീഷ്യലുകള്‍, ടെക്‌നീഷ്യന്‍മാര്‍, മെഡിക്കല്‍ ടീം, മാധ്യമപ്രവര്‍ത്തകര്‍, ബോള്‍ ബോയിസ്, റഫറിമാര്‍ എന്നിവരടക്കമാണ് 300 പേര്‍. പ്ലേയിങ് ഇലവനില്‍ ഇല്ലാത്ത താരങ്ങള്‍ മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിച്ചാണ് കളിക്കാര്‍ ഗ്രൗണ്ടിന് പുറത്തിരുന്നത്.
വ്യത്യസ്ത വഴികളിലൂടെയാണ് ടീമുകള്‍ ഗ്രൗണ്ടില്‍ പ്രവേശിച്ചതും പുറത്തുപോയതും. മല്‍സരത്തിന് മുമ്പ് പന്തുകള്‍ എല്ലാം അണുവിമുക്തമാക്കിയിരുന്നു. താരങ്ങളെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. മല്‍സരം തുടങ്ങാന്‍ അല്‍പ്പം വൈകിയിരുന്നു. എന്നാല്‍ മല്‍സരം തുടര്‍ന്നപ്പോള്‍ പതിവ് ആവേശം താരങ്ങളില്‍ നിന്നുണര്‍ന്നു. ഗോള്‍ അടിക്കുമ്പോള്‍ ഉണ്ടാവുന്ന പതിവ് ആഹ്ലാദപ്രകടനങ്ങള്‍ ഇന്ന് ഉണ്ടായിരുന്നില്ല. താരങ്ങള്‍ കൈ അടിച്ച് പ്രോല്‍സാഹിപ്പിക്കുകയായിരുന്നു. ഹസ്തദാനവും ഒഴിവാക്കിയിരുന്നു. താരങ്ങള്‍ മുഷ്ടി കൊണ്ട് ഇടിച്ചാണ് സൗഹൃദം പ്രകടിപ്പിച്ചത്.