കന്നിയങ്കത്തില്‍ സെമി ടിക്കറ്റ്; കോപ്പയില്‍ കാനേഡിയന്‍ ഷോ; സെമിയില്‍ എതിരാളി അര്‍ജന്റീന
ടെക്‌സാസ്: വെനസ്വേലയെ വീഴ്ത്തി കാനഡ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതിനെ തുടര്‍ന്നാണ് വിജയികളെ കണ്ടെത്താന്‍ പെനല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടില്‍ 4-3ന്റെ വിജയത്തോടെയാണ് കാനഡയുടെ മുന്നേറ്റം.
ജേക്കബ് ഷാഫെല്‍ബര്‍ഗ് 14ാം മിനിറ്റില്‍ നേടിയ ഗോളില്‍ ഒന്നാം പകുതിയില്‍ കാനഡയായിരുന്നു മുന്നില്‍. 65ാം മിനിറ്റില്‍ ജോസ് സലോമോന്‍ റോന്‍ഡനാണ് വെനസ്വേലയ്ക്കായി സമനില ഗോള്‍ കണ്ടെത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും സമനിലപ്പൂട്ട് പൊളിക്കാനാകാതെ പോയതോടെ, വിജയികളെ കണ്ടെത്താന്‍ ഷൂട്ടൗട്ട് അനിവാര്യമായി.
ഷൂട്ടൗട്ടില്‍ വെനസ്വേല താരം യാംഗല്‍ ഹെറേര, ജെഫേഴ്‌സന്‍ സവാറിനോ, വില്‍കര്‍ ഏയ്ഞ്ചല്‍ എന്നിവരുടെ ഷോട്ടുകള്‍ ലക്ഷ്യം കണ്ടില്ല. കാനഡയുടെ ലിയാം മില്ലര്‍, സ്റ്റീഫന്‍ യൂസ്റ്റാക്യോ എന്നിവരുടെ ഷോട്ടുകളും ലക്ഷ്യത്തിലെത്തിയില്ല. ഫലം, 4-3ന്റെ വിജയത്തോടെ കാനഡ ആദ്യ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ത്തന്നെ സെമിയിലേക്ക്.
ബുധനാഴ്ച പുലര്‍ച്ചെ 5.30ന് നടക്കുന്ന ഒന്നാം സെമിയില്‍ കരുത്തരായ അര്‍ജന്റീനയാണ് കാനഡയുടെ എതിരാളി. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇക്വഡോറിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് അര്‍ജന്റീന സെമിയിലെത്തിയത്.