ചാംപ്യന്‍സ് ലീഗ്; പിഎസ്ജിയും ബയേണും ക്വാര്‍ട്ടറില്‍; എംബാപ്പെയ്ക്കും കാനെയ്ക്കും ഡബിള്‍
പാരിസ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ പി എസ് ജിയും ബയേണ്‍ മ്യുണിക്കും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. സൂപ്പര്‍സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പയുടെ മികവിലാണ് പി എസ് ജി സ്പാനിഷ് ക്ലബ്ബ് റയല്‍ സോസിഡാഡിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു പി എസ് ജിയുടെ വിജയം. ആദ്യപാദത്തില്‍ ഒന്നേ പൂജ്യത്തിനും പിഎസ്ജി വിജയിച്ചിരുന്നു. ഇതോടെ 3-1 എന്ന അഗ്രിഗേറ്റ് സ്‌കോറിന് പി എസ് ജി സ്പാനിഷ് ടീമിനെ മറികടന്നു.
എംബപ്പെ ആണ് ഇന്നലെ പി എസ് ജിയുടെ ഹീറോ ആയത്. പതിനഞ്ചാം മിനിറ്റില്‍ എംബാപ്പെ പി എസ് ജിക്ക് ലീഡ് നല്‍കി. 66ാം മിനിറ്റില്‍ വീണ്ടും എംബാപ്പെ തന്നെ ലീഡ് ഉയര്‍ത്തി. എംബാപ്പയുടെ ചാംപ്യന്‍സ് ലീഗിലെ 46ാം ഗോള്‍ ആയിരുന്നു . ഈ സീസണില്‍ എംബാപ്പെ 34 മത്സരങ്ങളില്‍ നിന്നും 34 ഗോളുകള്‍ നേടിയിട്ടുണ്ട്. സോസിഡാഡിന്റെ ഗോള്‍ വന്നത് 89ാം മിനിറ്റില്‍ മെറിനോയുടെ വകയായിരുന്നു.
ഇന്നലെ മ്യൂണിക്കല്‍ വച്ച് നടന്ന രണ്ടാം പാദ പ്രീക്വാട്ടര്‍ പോരാട്ടത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് ലാസിയോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബയേണ്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ആദ്യ പാദത്തില്‍ ഒന്നേ പൂജ്യത്തിന് ഇറ്റലിയില്‍ വച്ച് പരാജയപ്പെട്ട ബയേണ് നിര്‍ണായക മത്സരം ആയിരുന്നു ഈ മല്‍സരം.
മത്സരത്തില്‍ 3-0ന് വിജയിച്ചതോടെ 3-1ന്റെ അഗ്രിഗേറ്റ് സ്‌കോറുമായി ബയോണ്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ആദ്യ പകുതിയില്‍ 38ാം മിനിറ്റില്‍ ഹാരി കെയ്‌നിലൂടെയാണ് ബയേണ്‍ ലീഡ് എടുത്തത്. ഗുറേറയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. ആദ്യ പകുതിയുടെ അവസാനം തോമസ് മുള്ളര്‍ ബയേണിന്റെ രണ്ടാം ഗോള്‍ നേടി. ഇതോടെ ആദ്യ പകുതി 2-0 എന്ന നിലയില്‍ അവസാനിച്ചു. മുള്ളറുടെ 54ാം ചാംപ്യന്‍സ് ലീഗ് ഗോള്‍ ആയിരുന്നു ഇത്.രണ്ടാം പകുതിയില്‍ 66ാം മിനിറ്റില്‍ വീണ്ടും ഹാരി കെയ്ന്‍ സ്‌കോര്‍ ചെയ്തതോടെ ബയേണ്‍ വിജയം ഉറപ്പിച്ചു. സാനെയാണ് രണ്ടാം ഗോളിന് വഴി ഒരുക്കിയത്. ഈ ഗോളോടെ ഈ സീസണില്‍ കെയ്ന്‍ 33 ഗോളുകളായി.
ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ് സി കൊഫന്‍ഹേഗിനെയും റയല്‍ മാഡ്രിഡ് ആര്‍ബി ലെപ്‌സിഗിനെയും നേരിടും.