മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ചാംപ്യന്‍സ് ലീഗ് പ്രതീക്ഷ അസ്തമിച്ചു; സിറ്റി വീണ്ടും ഒന്നാമത്
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്കെതിരേ സമനില പിടിച്ചതോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ അടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ലീഗ് യോഗ്യത അസ്തമിച്ചു. ആറാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നാലാം സ്ഥാനത്തുള്ള ചെല്‍സി 1-1നാണ് സമനിലയിലൊതുക്കിയത്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ആദ്യ നാല് സ്ഥാനക്കാരാണ് ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടുക. കഴിഞ്ഞ മല്‍സരങ്ങളില്‍ അഞ്ചാം സ്ഥാനത്തുള്ള ആഴ്‌സണലും മൂന്നാം സ്ഥാനത്തുള്ള ടോട്ടന്‍ഹാമും തോറ്റപ്പോള്‍ യുനൈറ്റഡിന് പ്രതീക്ഷയായിരുന്നു. ജയിച്ചു കയറാമെന്ന മോഹങ്ങള്‍ക്കാണ് ചെല്‍സി അടികൊടുത്തത്. യുനൈറ്റഡിനായി 11ാം മിനിറ്റില്‍ മാറ്റയാണ് ഗോള്‍ നേടിയത്. നാളുകള്‍ക്ക് ശേഷം യുനൈറ്റഡിന്റെ മികച്ച കളിയാണ് ഇന്ന് നടന്നത്. എന്നാല്‍ 43ാം മിനിറ്റില്‍ ചെല്‍സിയുടെ അലോണ്‍സോയുടെ സാധരണ കിക്ക് ഗോള്‍ കീപ്പര്‍ ഡി ഹിയയുടെ കൈയില്‍ നിന്നും മിസ്സായി ഗോള്‍ പോസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. ഇതോടെ മല്‍സരം സമനിലയിലായി. തുടര്‍ന്നുള്ള ആധിപത്യം ചെല്‍സിയ്ക്കായിരുന്നു.
മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒരു ഗോളിന് ബേണലിയെ തോല്‍പ്പിച്ചു. ജയത്തോടെ സിറ്റി വീണ്ടും ലീഗില്‍ ഒന്നാമതെത്തി. 63ാം മിനിറ്റില്‍ അഗ്വേറയാണ് സിറ്റിക്കായി ഗോള്‍ നേടിയത്.ഒരു പോയിന്റ് വ്യത്യാസത്തില്‍ ലിവര്‍പൂള്‍ സിറ്റിക്ക് താഴെ നിലകൊള്ളൂന്നുണ്ട്. മറ്റൊരു മല്‍സരത്തില്‍ ആഴ്‌സണലിനെ 3-0ത്തിന് ലെസ്റ്റര്‍ തറപറ്റിച്ചു. പ്രീമിയര്‍ ലീഗ് കിരീടപോരാട്ടത്തിന് ഏതാനും മല്‍സരങ്ങള്‍ മാത്രമാണുള്ളത്.