ബിസിസിഐയ്ക്ക് വന്‍ തിരിച്ചടി; ഐപിഎല്‍ സ്പോണ്‍സര്‍മാരായ വിവോ പിന്‍മാറി

ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് ഇന്ത്യ 49 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു. എന്നാല്‍, വിവോയുമായുള്ള കരാര്‍ ബിസിസിഐ നിലനിര്‍ത്തുകയായിരുന്നു.

Update: 2020-08-05 00:57 GMT

മുംബൈ: ബിസിസിഐയ്ക്ക് കടുത്ത പ്രഹരമേല്‍പ്പിച്ച് ഐപിഎല്ലിന്റെ മുഖ്യസ്പോണ്‍സര്‍മാരായ ചൈനീസ് കമ്പനി വിവോ പിന്‍മാറി. ആരാധകരുടെ പ്രതിഷേധം കണക്കിലെടുത്താണ് ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോ പിന്‍മാറിയത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് ഇന്ത്യ 49 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു. എന്നാല്‍, വിവോയുമായുള്ള കരാര്‍ ബിസിസിഐ നിലനിര്‍ത്തുകയായിരുന്നു.

ഞായറാഴ്ച ചേര്‍ന്ന ബിസിസിഐ യോഗം വിവോയെ നിലനിര്‍ത്താന്‍ തീരുമാനിച്ചിരുന്നു. വിവോയെ ഒഴിവാക്കാത്തതില്‍ ആരാധകരുടെ കടുത്ത പ്രതിഷേധമുണ്ടായിരുന്നു. എന്നാല്‍, കൊറോണയെ തുടര്‍ന്ന് പുതിയ ഫ്രാഞ്ചൈസികളെ കണ്ടെത്താന്‍ പ്രയാസമാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ വിവോയെ നിലനിര്‍ത്തിയത്. നിലവിലെ സാഹചര്യത്തില്‍ സ്പോണ്‍സര്‍മാരായി നിന്നാലും കമ്പനിക്ക് അത് തിരിച്ചടിയാണെന്നാണ് വിവോയുടെ കണക്കുകൂട്ടല്‍.

ഈ വര്‍ഷം കരാറില്‍നിന്ന് പിന്‍മാറി അടുത്ത വര്‍ഷം ഐപിഎല്ലില്ലേക്ക് തിരിച്ചുവരാനാണ് വിവോയുടെ തീരുമാനം. 2018ലാണ് വിവോ ഐപിഎല്ലിന്റെ മുഖ്യസ്പോണ്‍സര്‍മാരായി വന്നത്. 2023 വരെ വിവോയായിരുന്നു ഐപിഎല്ലിന്റെ സ്പോണ്‍സര്‍മാര്‍. 2199 കോടിയ്ക്കാണ് വിവോ കരാറില്‍ ഒപ്പുവച്ചത്. സപ്തംബറില്‍ ദുബയില്‍ നടക്കുന്ന ഐപിഎല്ലിന് മുഖ്യസ്പോണ്‍സര്‍മാരെ കണ്ടെത്തുക ബിസിസിഐയ്ക്ക് മുന്നിലുള്ള വലിയ വെല്ലുവിളിയാണ്. 

Tags:    

Similar News