തുര്‍ക്കി ഭൂകമ്പത്തില്‍ കാണാതായ ക്രിസ്റ്റ്യന്‍ അറ്റ്സു മരണപ്പെട്ടു
മരിക്കുന്നതിന്റെ തലേ ദിവസം ഹത്തായ്സ്പൂര് എഫ്സിക്കായി താരം ഗോള്‍ നേടിയിരുന്നു.
ഇസ്താംബൂള്‍: തുര്‍ക്കി ഭൂകമ്പത്തില്‍ കാണാതായ മുന്‍ ഘാനാ താരം ക്രിസ്റ്റ്യന്‍ അറ്റ്സു (31) മരണപ്പെട്ടതായി സ്ഥിരീകരണം. താരത്തിന്റെ ഏജന്റും തുര്‍ക്കി ദേശീയ മാധ്യമങ്ങളുമാണ് വാര്‍ത്ത സ്ഥിരീകരിച്ചത്. നിലവില്‍ തുര്‍ക്കി ലീഗില്‍ ഹത്തായസ്പൂര് എഫ്സിക്ക് വേണ്ടിയാണ് താരം കളിച്ചിരുന്നത്. എവര്ട്ടണ്, ന്യൂകാസില്‍ യുനൈറ്റഡ്, ചെല്‍സി എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി താരം കളിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് നടന്ന ഭൂകമ്പത്തില്‍ താരത്തെ കാണാനില്ലെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പിന്നീട് താരത്തെ കണ്ടെത്തിയെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് തകര്‍ന്ന കെട്ടിടത്തിനടിയില്‍ നിന്ന് അറ്റ്സുവിനെ കണ്ടെത്തിയത്. മരിക്കുന്നതിന്റെ തലേ ദിവസം ഹത്തായ്സ്പൂര് എഫ്സിക്കായി താരം ഗോള്‍ നേടിയിരുന്നു.