ചിറകറ്റ് കാനറികള്‍; ഷൂട്ടൗട്ടില്‍ ക്രൊയേഷ്യ സെമിയില്‍
ഷൂട്ടൗട്ടില്‍ 4-2നാണ് ക്രൊയേഷ്യയുടെ ജയം.
ദോഹ: ആറാം ലോക കിരീടം സ്വപ്‌നം കണ്ട് വന്ന ബ്രസീല്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. പെനാല്‍റ്റി ഷൂട്ടൗട്ട് ഭാഗ്യം ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയെ തുണച്ചതോടെ കാനറികള്‍ പുറത്താവുകയായിരുന്നു. ഷൂട്ടൗട്ടില്‍ 4-2നാണ് ക്രൊയേഷ്യയുടെ ജയം.ഡൊമനിക്ക് ലിവാകോവിച്ച് എന്ന ഗോള്‍കീപ്പറാണ് ഇത്തവണയും ക്രൊയേഷ്യ്ക്ക് ഷൂട്ടൗട്ട് ഭാഗ്യം നല്‍കിയത്. ബ്രസീല്‍ ഗോള്‍ കീപ്പര്‍ അലിസണ് എല്ലാം പിഴച്ചു.കാസിമറോ, പെഡ്രോ എന്നിവര്‍ക്ക് മാത്രമാണ് മഞ്ഞപ്പടയ്ക്കായി ലക്ഷ്യം കാണാനായത്. റൊഡ്രിഗോയുടെ കിക്ക് ലിവാകോവിച്ച് തടുത്തിട്ടു.മാര്‍ക്വിനോസിന്റെ കിക്ക് ഗോള്‍ പോസ്റ്റില്‍ തട്ടി പുറത്തായതോടെ ക്രൊയേഷ്യ സെമിയാഘോഷത്തിന് തുടക്കമിട്ടു.
ക്രൊയേഷ്യയ്ക്കായി വ്‌ളാസിച്ച്, ലൊവാറോ മയര്‍, ലൂക്കാ മൊഡ്രിച്ച്, ഓര്‍സിച്ച് എന്നിവര്‍ ലക്ഷ്യം കണ്ടു. ക്രൊയേഷ്യയുടെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് സെമി പ്രവേശനമാണ്. ബ്രസീലിന്റെ തുടര്‍ച്ചയായ രണ്ടാം ക്വാര്‍ട്ടര്‍ പുറത്താവലാണ്.
നിശ്ചിത സമയത്ത് മല്‍സരം ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു. എക്‌സ്ട്രാ ടൈമിന്റെ ഇഞ്ചുറി ടൈമിലായിരുന്നു ബ്രസീലിന്റെ ആദ്യ ഗോള്‍ . രക്ഷകന്‍ നെയ്മര്‍ തന്നെയായിരുന്നു ആ ഗോളിന്റെ ഉടമ. മല്‍സരത്തിലുടെ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ച് നെയ്മര്‍ രംഗത്തുണ്ടായിരുന്നു. എക്‌സ്ട്രാ ടൈം അവസാനിക്കാന്‍ മൂന്ന് മിനിറ്റ് ശേഷിക്കെയാണ് ബ്രസീലിയന്‍ പ്രതിരോധ പാളിച്ചയില്‍ നിന്നുള്ള അവസരം മുതലാക്കി ബ്രൂണോ പെറ്റാകോവിച്ച് ക്രൊയേഷ്യയുടെ സമനില ഗോള്‍ നേടിയത്. തുടര്‍ന്നാണ് മല്‍സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
നേരത്തെ നിരവധി ഗോള്‍ അവസരങ്ങള്‍ ബ്രസീല്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ലിവാകോവിച്ച് എന്ന വന്‍മതിലിനെ മറികടക്കാന്‍ ബ്രസീലിയന്‍ മുന്നേറ്റങ്ങള്‍ക്കായില്ല. നിരവധി കിക്കുകളാണ് ലിവാകോവിച്ച് സേവ് ചെയ്തത്. കിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ ക്രൊയേഷ്യയും ശ്രമിച്ചിരുന്നു. ചില നിര്‍ണ്ണായക ഫിനിഷിങ് അപകാതകളും മഞ്ഞപ്പടയ്ക്ക് ഇന്ന് തിരിച്ചടിയായി. ഒടുവില്‍ ആറാം കിരീടമെന്ന മോഹം ക്വാര്‍ട്ടറില്‍ ബ്രസീല്‍ അവസാനിപ്പിച്ചു. പന്ത് കൈവശം വയ്ക്കുന്നതിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും എല്ലാം മുന്നില്‍ നിന്ന കാനറികള്‍ക്ക് ഷൂട്ടൗട്ടില്‍ പിഴയ്ക്കുകയായിരുന്നു. ഭാഗ്യം ലിവാകോവിച്ചിനെ തുണച്ചപ്പോള്‍ നിര്‍ഭാഗ്യം അലിസണെയും തുണച്ചു. ഒടുവില്‍ ഗ്രൗണ്ടില്‍ വീണത് ബ്രസീലിയന്‍ താരങ്ങളുടെ കണ്ണുനീര്‍ മാത്രം.