ലോകകപ്പ്; വന്‍ ജയം മോഹിച്ച് ഡെന്‍മാര്‍ക്ക് ടുണീഷ്യയ്‌ക്കെതിരേ
ലോക ഫുട്ബോളില്‍ ഡെന്‍മാര്‍ക്ക് എന്ന ടീമിനെ ആരാധകര്‍ നെഞ്ചേറ്റിയത് ഇക്കഴിഞ്ഞ യൂറോയിലാണ്.
ദോഹ: ലോകകപ്പില്‍ ഗ്രൂപ്പ് ഡിയില്‍ ഇന്ന് ഡെന്‍മാര്‍ക്ക് ആദ്യമല്‍സരത്തിനിറങ്ങും. ദുര്‍ഭലരായ ടുണീഷ്യയാണ് എതിരാളികള്‍. വൈകിട്ട് 6.30നാണ് മല്‍സരം. ഫ്രാന്‍സ് അടങ്ങുന്ന ഗ്രൂപ്പില്‍ ഒന്നാം സ്ഥാനമാണ് ലക്ഷ്യം. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ നോക്കൗട്ട് റൗണ്ട് കടക്കാന്‍ ടുണീഷ്യയ്ക്ക് കഴിഞ്ഞിട്ടില്ല.
ലോക ഫുട്ബോളില്‍ ഡെന്‍മാര്‍ക്ക് എന്ന ടീമിനെ ആരാധകര്‍ നെഞ്ചേറ്റിയത് ഇക്കഴിഞ്ഞ യൂറോയിലാണ്. പ്രമുഖ താരം എറിക്സണന്റെ വീഴ്ചയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ ടീമിന്റെ കുതിപ്പ് അന്ന് അവസാനിച്ചത് സെമിയിലാണ്. ഇത്തവണ ഏറെ പ്രതീക്ഷയോടെയാണ് അവര്‍ ഖത്തറിലെത്തിയത്. ഡെന്‍മാര്‍ക്കിന്റെ ഇതുവരെയുള്ള ലോകകപ്പുകളിലെ പ്രകടനവും ഇത്തവണത്തെ സാധ്യതയും നോക്കാം.
1986ലാണ് ഡെന്‍മാര്‍ക്ക് ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയത്. 24 ടീമുകള്‍ പങ്കെടുത്ത ലോകകപ്പില്‍ അവസാന 16ല്‍ പുറത്തായി. പിന്നീട് 1998ല്‍ നടന്ന ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെത്തി. 2002ല്‍ അവസാന 16ല്‍ എത്തിയാണ് പുറത്തായത്. 2006 ലോകകപ്പില്‍ പക്ഷേ, ടീമിന് യോഗ്യത നേടാന്‍ പോലുമായില്ല. 2010ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. 2014ലും യോഗ്യതാ കടമ്പ കടക്കാനാവാതെ നിരാശയാണ് സമ്മാനിച്ചത്. 2018ലെ റഷ്യന്‍ ലോകകപ്പില്‍ അവസാന 16 വരെ എത്തിയിരുന്നു. ക്രൊയേഷ്യയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടാണ് പുറത്തായത്.
ഇത്തവണ ഗ്രൂപ്പ് ഡിയിലാണ് ഡാനിഷ് പട ഇടം നേടിയത്. നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സിനൊപ്പം ആസ്തേലിയ, ടുണീഷ്യ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ലോക റാങ്കിങില്‍ 10ാം സ്ഥാനത്തുള്ള ഡെന്‍മാര്‍ക്ക് സ്‌ക്വാഡിലെ ഐക്കണ്‍ താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ തന്നെയാണ്. ഇക്കഴിഞ്ഞ യൂറോയിലെ ഗ്രൂപ്പ്ഘട്ട മല്‍സരത്തിനിടെ ഹൃദയാഘാതം സംഭവിച്ച് മരണത്തെ മുഖാമുഖം കണ്ട താരമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ എറിക്സണ്‍. എറിക്സന്റെ വീഴ്ചയില്‍ നിന്നാണ് അന്ന് ഡെന്‍മാര്‍ക്ക് ടീം ഉയര്‍ത്തെഴുന്നേറ്റത്. തുടര്‍ന്ന് സെമി വരെ എത്തിയിരുന്നു അവരുടെ കുതിപ്പ്.
രോഗത്തെ തുടര്‍ന്ന് എറിക്സണ്‍ മാസങ്ങളോളം കളത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇനിയൊരു തിരിച്ചുവരവുണ്ടാവുമോ എന്ന് എല്ലാവരും സംശയിച്ചു. ഏവരെയും അല്‍ഭുതപ്പെടുത്തി, ശരീരത്തില്‍ കൃത്രിമ ശ്വാസകോശം ഘടിപ്പിച്ചായിരുന്നു എറിക്സണിന്റെ തിരിച്ചുവരവ്. രോഗത്തെ തുടര്‍ന്ന് ഇന്റര്‍മിലാന്‍ താരത്തെ കൈയൊഴിഞ്ഞു. എന്നാല്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബ് ബ്രിങ്ടണ്‍ താരത്തെ ടീമിലെടുത്തു. ഞെട്ടിക്കുന്ന ഫോമോടെ അവിടെ കുറച്ച് മല്‍സരങ്ങള്‍ കളിച്ച എറിക്സണെ തേടി യുനൈറ്റഡില്‍ നിന്നും വിളിയെത്തി. യുനൈറ്റഡില്‍ സൂപ്പര്‍ ഫോമിലാണ് താരം. രോഗവസ്ഥയില്‍ എറിക്സണ് ഒരു മോഹം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഖത്തര്‍ ലോകകപ്പില്‍ രാജ്യത്തിനു വേണ്ടി ബൂട്ടണിയുക. അതേ, എറിക്സണ്‍ന്റെ പ്രതീക്ഷ തെറ്റിയില്ല. കോച്ച് കാസ്പര്‍ ഹുല്‍മന്ദ് താരത്തെ അവസാന 21 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി.
ഡെന്‍മാര്‍ക്ക് സ്്ക്വാഡിലെ എല്ലാ താരങ്ങളും ഒന്നിനൊന്ന് പ്രഗല്‍ഭരാണ്. ഏതെങ്കിലുമൊരു താരത്തില്‍ അമിതമായി പ്രതീക്ഷയര്‍പ്പിക്കുന്ന പ്രകടനമല്ല ഡെന്‍മാര്‍ക്കിന്റെത്. ടീം സ്പിരിറ്റാണ് ടീമിന്റെ പ്ലസ് പോയിന്റ്. ക്യാപ്റ്റന്‍ എസി മിലാന്‍ താരം സിമണ്‍ ഖേയറാണ് ഇപ്പോള്‍ ടീമിലെ മികച്ച ഫോമിലുള്ള താരം. ഫ്രഞ്ച് ലീഗ് വണ്ണില്‍ നീസിന് വേണ്ടി കളിക്കുന്ന കാസ്പെര്‍സ്മൈക്കളാണ് വലകാക്കുന്നത്. നീസിന്റെ ഒന്നാം നമ്പര്‍ ഗോളിയിലാണ് ഡാനിഷ് ടീമിന്റെ പ്രധാന പ്രതീക്ഷ. ബ്രന്റ്ഫോഡിന്റെ മിഖേല്‍ ഡാംസ്ഗാര്‍ഡ്, അറ്റ്ലാന്റയുടെ ജോക്കിം മെയലേ, ടോട്ടന്‍ഹാമിന്റെ പിയേര്‍ എമില്‍ ഹോജ്ബെര്‍ഗ് എന്നിവരാണ് ഡാനിഷ് പടയുടെ സൂപ്പര്‍ താരങ്ങള്‍. നിലവിലുള്ള ഫോമില്‍ ഏത് ടീമിനെയും അട്ടിമറിക്കാനുള്ള കരുത്ത് ഡെന്‍മാര്‍ക്ക് ടീമിനുണ്ട്. യൂറോയിലെ ഫോം തുടരുകയാണെങ്കില്‍ ഡെന്‍മാര്‍ക്കിന് പ്രമുഖര്‍ക്കൊപ്പം ക്വാര്‍ട്ടര്‍ വരെ ഉറപ്പിക്കാം. പോരാട്ട വീര്യത്തിനൊപ്പം ഭാഗ്യം കൂടി എറിക്സണന്റെ ടീമിന് തുണയാവുമെങ്കില്‍ സെമിയിലുമുണ്ടാവും. യൂറോയില്‍ ലോക ഫുട്ബോള്‍ പ്രേമികളുടെ ഇഷ്ടടീമായാണ് ഡെന്‍മാര്‍ക്ക് മടങ്ങിയത്. ഖത്തറിലും ആരാധകരുടെ മനം കവരുമോ ഡെന്‍മാര്‍ക്കിനാവുമോയെന്ന് കാത്തിരുന്ന് കാണാം.