ഫിഫാ പുരസ്‌കാരം; മുഹമ്മദ് സലായുടെ വോട്ടുകള്‍ അസാധു
നിലവില്‍ ലിവര്‍പൂളിന് വേണ്ടി കളിക്കുന്ന സലാ കഴിഞ്ഞ സീസണിലെ മികച്ച താരമാണ്. ഇതിന് മുമ്പും സലാ ടീം മാനേജ്‌മെന്റുമായി ചില കാര്യങ്ങളില്‍ ഇടഞ്ഞിരുന്നു.
കെയ്‌റോ: ഫിഫയുടെ മികച്ച താരത്തിന്റെ പുരസ്‌കാരത്തിനായുള്ള വോട്ടുകളില്‍ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായ്ക്ക് ലഭിച്ച വോട്ടുകള്‍ അസാധുവെന്ന് റിപ്പോര്‍ട്ട്. താരത്തിന് ലഭിച്ച മൂന്ന് വോട്ടുകളില്‍ രണ്ടെണ്ണമാണ് അസാധുവായിരിക്കുന്നത്.
നിലവില്‍ ഒരു രാജ്യത്ത് നിന്ന് ടീം ക്യാപ്റ്റനും പരിശീലകനും ഒരു മാധ്യമപ്രവര്‍ത്തകനുമാണ് വോട്ട് ചെയ്യാനുള്ള അനുമതി. എന്നാല്‍ സലായുടെ ടീം ക്യാപ്റ്റന്റെയും കോച്ചിന്റെയും വോട്ടുകളാണ് അസാധുവായത്. ഇതേ തുടര്‍ന്ന് ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനുമായി സലാ ഇടഞ്ഞിരിക്കുകയാണ്.
വോട്ടുകള്‍ രജിസ്ട്രര്‍ ചെയ്യാത്തത് അസോസിയേഷന്റെ പിഴവുകളാണെന്നാണ് സലായുടെ പക്ഷം. കൂടാതെ ഈജിപ്ഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍ വോട്ട് ചെയ്തത് സാദിയോ മാനെയ്ക്കായിരുന്നു. സലായ്ക്ക് മൂന്നാം സ്ഥാനം നല്‍കിയാണ് വോട്ട് ചെയ്തത്. സംഭവത്തില്‍ സലാ അസോസിയേഷനെ അതൃപ്തി അറിയിച്ചു. കൂടാതെ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ പ്രൊഫൈലില്‍ നിന്ന് ഈജിപ്ത് എന്ന എടുത്തുമാറ്റുകയും ചെയ്തു.
എന്നാല്‍ അസോസിയേഷന്‍ ഫിഫയോട് വോട്ട് അസാധു ആയതിന്റെ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ലിവര്‍പൂളിന് വേണ്ടി കളിക്കുന്ന സലാ കഴിഞ്ഞ സീസണിലെ മികച്ച താരമാണ്. ഇതിന് മുമ്പും സലാ ടീം മാനേജ്‌മെന്റുമായി ചില കാര്യങ്ങളില്‍ ഇടഞ്ഞിരുന്നു. തുടര്‍ന്ന് താരം വിരമിക്കാനും ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ വാന്‍ ഡെക്ക്, റൊണാള്‍ഡോ എന്നിവരെ പിന്‍തള്ളി മെസ്സിയെ മികച്ച ലോകഫുട്‌ബോളറായി തിരഞ്ഞെടുത്തിരുന്നു.