ഇംഗ്ലീഷ് പ്രീമിയര്‍: ഒന്നാംസ്ഥാനം ഭദ്രമാക്കി ലിവര്‍പൂള്‍
ഈ വിജയത്തോടെ നിലവിലെ ചാംപ്യന്‍മാരും ലീഗിലെ രണ്ടാംസ്ഥാനക്കാരുമായ മാഞ്ചസ്റ്റര്‍ സിറ്റിക്കു മേല്‍ നാലു പോയിന്റിന്റെ മികച്ച ലീഡ് സ്വന്തമാക്കാന്‍ ലിവര്‍പൂളിന് കഴിഞ്ഞു.
ലണ്ടന്‍: ലീഗിലെ ഒന്നാംസ്ഥാനം ഭദ്രമാക്കി ചുവപ്പന്‍മാര്‍. എവേ മല്‍സരത്തില്‍ വോള്‍ഫ്‌സിനെതിരേയാണ് ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. ഇരുപകുതികളിലുമായി സൂപ്പര്‍ താരം മുഹമ്മദ് സലാഹാ (18ാം മിനിറ്റ്), വിര്‍ജില്‍ വാന്‍ഡൈക്ക് (68) എന്നിവരാണ് ലിവര്‍പൂള്‍ സ്‌കോറര്‍മാര്‍. ഈ വിജയത്തോടെ നിലവിലെ ചാംപ്യന്‍മാരും ലീഗിലെ രണ്ടാംസ്ഥാനക്കാരുമായ മാഞ്ചസ്റ്റര്‍ സിറ്റിക്കു മേല്‍ നാലു പോയിന്റിന്റെ മികച്ച ലീഡ് സ്വന്തമാക്കാന്‍ ലിവര്‍പൂളിന് കഴിഞ്ഞു. മഴ തകര്‍ത്തു പെയ്ത പോരാട്ടത്തില്‍ ലിവര്‍പൂളിനെതിരേ വോള്‍ഫ്‌സും മികച്ച പ്രകടനമാണ് നടത്തിയത്.
കളിയുടെ തുടക്കത്തില്‍ ലിവര്‍പൂള്‍ ഗോളി അലിസണ്‍ ബെക്കറിനെ അവര്‍ ആദ്യ സേവ് നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്തു. 18ാം മിനിറ്റില്‍ ഫാബീഞ്ഞോ, സാനെ എന്നിവര്‍ ചേര്‍ന്നു നടത്തിയ മുന്നേറ്റത്തിനൊടുവിലാണ് സലാഹ് ലിവര്‍പൂളിന്റെ അക്കൗണ്ട് തുറന്നത്. ഒന്നാം പകുതിക്കു മുമ്പ് വോള്‍ഫ്‌സ് രണ്ടു തവണ ലിവര്‍പൂള്‍ ഗോള്‍മുഖത്ത് റെയ്ഡ് നടത്തിയെങ്കിലും ഗോളി അലിസണ്‍ രക്ഷകനായി. 68ാം മിനിറ്റില്‍ ജയവും ലീഗിലെ ഒന്നാംസ്ഥാനവും ഭദ്രമാക്കിഡച്ച് ഡിഫന്‍ഡര്‍ വാന്‍ഡൈക്ക് ലിവര്‍പൂളിന്റെ രണ്ടാം ഗോളും കണ്ടെത്തി. ആദ്യ ഗോള്‍ നേടിയ സലാഹാണ് ഈ ഗോളിനും വഴിയൊരുക്കിയത്.18 മല്‍സരങ്ങളില്‍ നിന്നും 48 പോയിന്റുമായാണ് ലിവര്‍പൂളില്‍ ലീഗില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്.