ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെ മറികടന്ന് മാഞ്ചസ്റ്റര്‍ സിറ്റി. ഇന്ന് നടന്ന മല്‍സരത്തില്‍ ചാംപ്യന്‍സ് ലീഗില്‍ തങ്ങളെ പുറത്താക്കിയ ടോട്ടന്‍ഹാമിനെതിരേ 1-0ത്തിന്റെ ജയം നേടിയതോടെയാണ് സിറ്റി തലപ്പത്തെത്തിയത്. 86 പോയിന്റാണ് സിറ്റിക്കുള്ളത്. ലിവര്‍പൂളിന് 85 പോയിന്റാണുള്ളത്. ഫില്‍ ഫോഡനാണ് അഞ്ചാം മിനിറ്റില്‍ സിറ്റിക്കായി ഗോള്‍ നേടിയത്. സെര്‍ജിയോ അഗ്വേറയുടെ പാസ് ഹെഡറിലൂടെ ഗോളാക്കുകയായിരുന്നു. 18കാരനായ ഫോഡന്റെ സിറ്റിക്കായുള്ള ആദ്യ ഗോളാണിത്. 2000ത്തില്‍ ജനിച്ച് പ്രീമിയര്‍ ലീഗില്‍ ഗോള്‍ നേടുന്ന ആദ്യതാരമാണ് ഫോഡന്‍. മറ്റൊരു മല്‍സരത്തില്‍ വമ്പന്‍ ടീമുകളെ തോല്‍പ്പിക്കുന്ന വോള്‍വ്‌സിനെ സമനിലയില്‍ പിടിച്ചുകെട്ടി ബ്രൈറ്റന്‍. ഗോള്‍രഹിത സമനിലയില്‍ കലാശിച്ച മല്‍സരത്തോടെ റെലഗേഷന്‍ ഭീഷണിയുള്ള ബ്രൈറ്റന് ഒരു പോയിന്റ് ലഭിച്ചു. ലീഗില്‍ നിന്ന് പുറത്തായ ഫുള്‍ഹാം ബേണ്‍മൗത്തിനെതിരേ ആശ്വാസ ജയം കണ്ടെത്തി. 1-0ത്തിനാണ് ഫുള്‍ഹാമിന്റെ ജയം. മറ്റൊരു മല്‍സരത്തില്‍ വാറ്റ്‌ഫോര്‍ഡ് 2-1ന് ഹഡേഴ്‌സ്ഫീല്‍ഡിനെ തോല്‍പ്പിച്ചു. രണ്ട് ഗോളിന് പിറകില്‍ നിന്ന ലെസ്റ്റര്‍ ഗംഭീര തിരിച്ചുവരവ് നടത്തി വെസ്റ്റ്ഹാമിനെതിരേ 2-2 സമനില വഴങ്ങി. സൗത്താംപ്ടണെ 1-3ന് തോല്‍പ്പിച്ച് ന്യൂകാസിലും ശക്തി തെളിയിച്ചു.