എറിക് ടെന്‍ ഹാഗിനെ പുറത്താക്കി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

Update: 2024-10-28 13:51 GMT

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പ്രമുഖരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പരിശീലക സ്ഥാനത്ത് നിന്നും എറിക് ടെന്‍ ഹാഗിനെ പുറത്താക്കി. ലീഗില്‍ ക്ലബിന്റെ മോശം ഫോമിനെ തുടര്‍ന്നാണ് നടപടി. സീസണിലെ ഒമ്പത് ലീഗ് മത്സരങ്ങളില്‍ യുനൈറ്റഡിന് ജയിക്കാനായത് വെറും മൂന്ന് മത്സരങ്ങളില്‍ മാത്രമാണ്. രണ്ടര വര്‍ഷം ക്ലബിനെ പരിശീലിപ്പിച്ചാണ് ഡച്ചുകാരന്‍ പുറത്തുപോകുന്നത്.

തിങ്കളാഴ്ച ചേര്‍ന്ന ക്ലബ് ബോര്‍ഡ് യോഗമാണ് ടെന്‍ ഹാഗിനെ പുറത്താക്കാനുള്ള തീരുമാനിച്ചത്. പ്രീമിയര്‍ ലീഗില്‍ നിലവില്‍ 11 പോയന്റുമായി 14ാം സ്ഥാനത്താണ് യുനൈറ്റഡ്.ടീമിന്റെ മോശം ഫോമില്‍ മാനേജ്‌മെന്റിലും ആരാധകര്‍ക്കിടയിലും അതൃപ്തി ഉണ്ടായിരുന്നു. അതിനാല്‍ പരിശീലകനെ പുറത്താക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. റൂഡ് വാന്‍ നിസ്റ്റല്‍റൂയ് താല്‍ക്കാലിക പരിശീലകനാകും. നിലവില്‍ കബ്ലിന്റെ അസിസ്റ്റന്റ് പരിശീലകനാണ്. ലീഗില്‍ യുനൈറ്റഡ് 14ാം സ്ഥാനത്താണ്.

ഞായറാഴ്ച ലണ്ടനില്‍ നടന്ന മത്സരത്തില്‍ ലീഗിലെ പതിമൂന്നാം സ്ഥാനക്കാരായ വെസ്റ്റ്ഹാമിനോടും യുനൈറ്റഡ് തോറ്റിരുന്നു. ഒമ്പത് ലീഗ് മത്സരങ്ങളില്‍ യുനൈറ്റഡിന്റെ നാലാം തോല്‍വിയായിരുന്നു ഇത്. യൂറോപ്പ ലീഗ് പട്ടികയില്‍ 36 ടീമുകളില്‍ യുനൈറ്റഡ് 21ാം സ്ഥാനത്താണ്. ലീഗിലെ ആദ്യ മൂന്നു മത്സരങ്ങളും സമനിലയിലാണ് പിരിഞ്ഞത്. മേയില്‍ എഫ്.എ കപ്പ് കിരീട നേട്ടത്തിനു പിന്നാലെ ടെന്‍ ഹാഗിന് ഒരു വര്‍ഷം കൂടി കരാര്‍ നീട്ടി നല്‍കിയിരുന്നു. എന്നാല്‍, പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം സീസണിലും ക്ലബിന്റെ മോശം തുടക്കമാണ് നടപടിയിലേക്ക് നയിച്ചത്.

2013ല്‍ സര്‍ അലക്‌സ് ഫെര്‍ഗൂസണ്‍ പരിശീലക സ്ഥാനത്ത് നിന്നും പടിയിറങ്ങിയശേഷം ക്ലബ്ബിന് പ്രീമിയര്‍ ലീഗില്‍ കാര്യമായ നേട്ടമൊന്നും നേടാനായില്ല. 2022 സമ്മറിലാണ് 54കാരനായ ടെന്‍ ഹാഗ് ക്ലബിന്റെ ചുമലയേറ്റെടുക്കുന്നത്. അരങ്ങേറ്റ സീസണില്‍ പ്രീമിയര്‍ ലീഗില്‍ ക്ലബ് മൂന്നാമത് ഫിനിഷ് ചെയ്തു. എഫ്.എ കപ്പില്‍ ഫൈനലില്‍ എത്തിയെങ്കിലും മാഞ്ചസ്റ്റര്‍ സിറ്റിയോട് 2-1ന് പരാജയപ്പെട്ടു. തൊട്ടടുത്ത സീസണ്‍ മുതലാണ് കഷ്ടകാലം തുടങ്ങുന്നത്.





Tags:    

Similar News