ജിറൗഡിന് റെക്കോഡ്; ഉക്രെയ്‌നെതിരേ ഫ്രാന്‍സിന്റെ ഗോള്‍ മഴ
മികച്ച ഗോള്‍ സ്‌കോററായ തിയറി ഹെന്ററിയുടെ റെക്കോഡ് തകര്‍ക്കാന്‍ ജിറൗഡിന് വേണ്ടത് പത്ത് ഗോളുകള്‍
പാരിസ്: ഫ്രാന്‍സിന്റെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഗോള്‍ സ്‌കോററായി ഒലിവര്‍ ജിറൗഡ്.ഇന്ന് ഉക്രെയ്‌നെതിരേ നടന്ന അന്താരാഷ്ട്ര സൗഹൃദമല്‍സരത്തില്‍ ഡബിള്‍ നേടിയതോടെയാണ് ജിറൗഡ് തന്റെ ഗോളുകളുടെ എണ്ണം 42 ആക്കിയത്. ഫ്രാന്‍സ് ഇതിഹാസം മൈക്കല്‍ പ്ലാറ്റിനിയുടെ 41 ഗോള്‍ എന്ന റെക്കോഡ് തള്ളിയാണ് ചെല്‍സി സ്‌ട്രൈക്കര്‍ പുതിയ റെക്കോഡിട്ടത്. 72 മല്‍സരങ്ങളില്‍ നിന്നാണ് പ്ലാറ്റിനി റെക്കോഡിട്ടത്. ജിറൗഡിന്റെ 100ാമത്തെ മല്‍സരത്തിലാണ് റെക്കോഡ്.
ഫ്രാന്‍സിന്റെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററായ തിയറി ഹെന്ററിയുടെ റെക്കോഡ് തകര്‍ക്കാന്‍ ജിറൗഡിന് വേണ്ടത് പത്ത് ഗോളുകള്‍ മാത്രം.
മറ്റൊരു താരമായ എഡ്വാര്‍ഡോ കാമവിങയും പുതിയ റെക്കോഡിട്ടു.17 വയസ്സുള്ള കാമവിങ സ്‌കോര്‍ ചെയ്തതോടെ രാജ്യത്തിന് വേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണ് സ്വന്തമാക്കിയത്. ഗ്രീസ്മാന്‍, എംബാപ്പെ, ടൊളിസോ, മൈക്കലൊങ്കോ എന്നിവരും ഫ്രാന്‍സിനായി ഗോള്‍ നേടി. മറ്റ് മല്‍സരങ്ങളില്‍ ക്രൊയേഷ്യ സ്വിറ്റ്‌സര്‍ലാന്റിനെ 2-1ന് തോല്‍പ്പിച്ചു. ഫിന്‍ലാന്റിനെ പോളണ്ട് 5-1ന് തോല്‍പ്പിച്ചു. മെക്‌സിക്കോ ഹോളണ്ടിനെ എതിരില്ലാത്ത ഒരു ഗോളിനും തോല്‍പ്പിച്ചു.