യൂറോ യോഗ്യത; അനായാസം പോര്‍ച്ചുഗല്‍; ബെല്‍ജിയത്തിന് സമനില കുരുക്ക്
നാളെ പുലര്‍ച്ചെ നടക്കുന്ന യുവേഫാ നാഷന്‍സ് ലീഗ് ഫൈനലില്‍ സ്‌പെയിന്‍ ക്രൊയേഷ്യയെ നേരിടും.
ലിസ്ബണ്‍: യൂറോ യോഗ്യതാ മല്‍സരത്തില്‍ പോര്‍ച്ചുഗലിന് അനായാസ ജയം. ബോസ്‌നിയ ഹെര്‍സൊഗെവിനയ്‌ക്കെതിരേ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയമാണ് പറങ്കികള്‍ നേടിയത്. രണ്ട് ഗോളും ഒരു അസിസ്റ്റും നേടിയ ബ്രൂണോ ഫെര്‍ണാണ്ടസാണ് പോര്‍ച്ചുഗലിന്റെ ജയത്തിന് പിന്നിലെ നെടും തൂണ്‍. ബെര്‍ണാഡോ സില്‍വയാണ് മറ്റൊരു ഗോള്‍ നേടിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് 200 അന്താരാഷ്ട്ര മല്‍സരം കളിച്ചു. തീര്‍ത്തും ഏകപക്ഷീയമായിരുന്നു ഇന്നത്തെ മത്സരം. കളിയുടെ 44ആം മിനുട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ പാസില്‍ നിന്ന് ബെര്‍ണാഡോ സില്‍വ പോര്‍ച്ചുഗലിന് ലീഡ് നല്‍കി.
രണ്ടാം പകുതിയില്‍ ബ്രൂണോ പോര്‍ച്ചുഗലിന്റെ വിജയം ഉറപ്പിച്ച രണ്ടാം ഗോള്‍ നേടുകയും ചെയ്തു. 77ആം മിനുട്ടില്‍ റൂബന്‍ നെവസിന്റെ ക്രോസില്‍ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു ബ്രൂണോയുടെ ഗോള്‍. മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയിരിക്കെ ബ്രൂണോ കളിയിലെ തന്റെ രണ്ടാം ഗോള്‍ നേടിക്കൊണ്ട് വിജയം പൂര്‍ത്തിയാക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പൂര്‍ണ്ണ സമയവും കളിച്ചു എങ്കിലും ഗോള്‍ ഒന്നും നേടിയില്ല. 3 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒമ്പതു പോയിന്റുമായി ഗ്രൂപ്പ് ജെയില്‍ പോര്‍ച്ചുഗല്‍ ഒന്നാമത് നില്‍ക്കുന്നു. ബോസ്‌നിയക്ക് 3 പോയിന്റ് മാത്രമാണ് ഉള്ളത്.മറ്റൊരു മല്‍സരത്തില്‍ ഓസ്ട്രിയയോട് ബെല്‍ജിയം സമനില പിടിച്ചു. ഗ്രൂപ്പ് എയില്‍ നോര്‍വെയെ സ്‌കോട്ട്‌ലന്റെ 2-1ന് പരാജയപ്പെടുത്തി.
ഇന്ന് നടന്ന അന്താരാഷ്ട്ര സൗഹൃദമല്‍സരത്തില്‍ ഗിനിയയെ 4-1ന് പരാജയപ്പെടുത്തി ബ്രസീല്‍. ജോലിന്റണ്‍, റൊഡ്രിഗോ, എഡര്‍ മിലിറ്റാവോ, വിനീഷ്യസ് ജൂനിയര്‍ എന്നിവരാണ് മഞ്ഞപ്പടയ്ക്കായി സ്‌കോര്‍ ചെയ്തത്.
നാളെ പുലര്‍ച്ചെ നടക്കുന്ന യുവേഫാ നാഷന്‍സ് ലീഗ് ഫൈനലില്‍ സ്‌പെയിന്‍ ക്രൊയേഷ്യയെ നേരിടും.