സ്‌പെയിനില്‍ ഇന്ന് മാഡ്രിഡ് ഡെര്‍ബി; ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ ഡെര്‍ബി
ഇത്തവണത്തെ കിരീട ഫേവറിറ്റുകളായ അത്‌ലറ്റിക്കോ മാഡ്രിഡ് ലീഗില്‍ അപരാജിത കുതിപ്പാണ് തുടരുന്നത്.
മാഡ്രിഡ്: യൂറോപ്പില്‍ ഇന്ന് ലീഗ് ഫുട്‌ബോള്‍ നടക്കുന്നത് വമ്പന്‍ പോരാട്ടം. സ്പാനിഷ് ലീഗില്‍ മാഡ്രിഡ് ഡെര്‍ബിയും ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ഡെര്‍ബിയുമാണ് നടക്കുന്നത്. സ്പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന അത്‌ലറ്റിക്കോ മാഡ്രിഡും നാലാം സ്ഥാനത്ത് നില്‍ക്കുന്ന റയല്‍ മാഡ്രിഡും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇത്തവണത്തെ കിരീട ഫേവറിറ്റുകളായ അത്‌ലറ്റിക്കോ മാഡ്രിഡ് ലീഗില്‍ അപരാജിത കുതിപ്പാണ് തുടരുന്നത്. 10 മല്‍സരങ്ങളില്‍ എട്ട് ജയവും രണ്ട് സമനിലയുമായാണ് സിമിയോണിയുടെ കുട്ടികളുടെ പ്രയാണം. എന്നാല്‍ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് മോശം ഫോമിലാണ് നീങ്ങുന്നത്. ചാംപ്യന്‍സ് ലീഗില്‍ കഷ്ടിച്ചാണ് സിദാന്റെ കുട്ടികള്‍ നോക്കൗട്ട് റൗണ്ടിലേക്ക് കയറിയത്. ജയത്തോടെ ടോപ് ഫോറില്‍ കയറിപ്പറ്റാനാണ് റയലിന്റെ ഇപ്പോഴത്തെ ശ്രമം. മികച്ച താരങ്ങളുണ്ടെങ്കിലും സ്ഥിരത കൈവരിക്കാന്‍ റയലിന് കഴിയുന്നില്ല. മറുവശത്ത് ലൂയിസ് സുവാരസ്, ഫ്‌ളിക്‌സ് എന്നിവരുടെ തകര്‍പ്പന്‍ ഫോമാണ് അത്‌ലറ്റിക്കോയ്ക്ക് തുണ. ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി 1.30നാണ് മല്‍സരം.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് ഓള്‍ഡ് ട്രാഫോഡില്‍ നടക്കുന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ യുനൈറ്റഡും സിറ്റിയും നേരിട്ട് ഏറ്റുമുട്ടും. ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായ സോള്‍ഷ്യറിന്റെ പടയ്ക്ക് ലീഗില്‍ മുഖം രക്ഷിക്കാന്‍ ഇന്ന് ജയം അനിവാര്യമാണ്. ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് അവസാന 16ല്‍ ഇടം നേടിയത്. മികച്ച ഫോമിലാണെങ്കിലും യുനൈറ്റഡിന് മുന്നില്‍ സ്ഥിരം കാലിടറുന്ന പതിവാണ് സിറ്റിയ്ക്കുള്ളത്. ലീഗില്‍ ഏഴും (യുനൈറ്റഡ്) എട്ടും സ്ഥാനങ്ങളിലാണ് ഇരു ടീമും ഉള്ളത്. കെവിന്‍ ബ്രൂണി(സിറ്റി), ബ്രൂണോ ഫെര്‍ണാണ്ടസ് (യുനൈറ്റഡ്) എന്നിവര്‍ പരസ്പരം ഏറ്റുമുട്ടുമ്പോള്‍ ഓള്‍ഡ്ട്രാഫോഡില്‍ മല്‍സരം തീപ്പാറും. ഇന്ത്യന്‍ സമയം രാത്രി 11 മണിക്കാണ് മല്‍സരം.