ഫിഫയുടെ ലോക ഒന്നാം റാങ്ക് പട്ടം മെസ്സിപ്പടയ്ക്ക്; കാനറികള്‍ മൂന്നിലേക്ക് വീണു
ജര്‍മ്മനി 14ാം സ്ഥാനത്താണ്.
ബ്യൂണസ്‌ഐറിസ്: ലോകകപ്പ് ചാംപ്യന്‍മാരായ അര്‍ജന്റീന ഫിഫാ റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തി. ഇന്ന് ഫിഫ പുറത്ത് വിട്ട റാങ്കിങിലാണ് വാമോസിന്റെ മുന്നേറ്റം. ലോകകപ്പ് നേട്ടത്തിന് ശേഷം നടന്ന രണ്ട് അന്താരാഷ്ട്ര സൗഹൃദ മല്‍സരങ്ങളിലും അര്‍ജന്റീന ജയിച്ചിരുന്നു. ഇത് അവര്‍ക്ക് റാങ്കിങില്‍ മുന്നേറ്റം നല്‍കി. ആറ് വര്‍ഷത്തിന് ശേഷമാണ് അര്‍ജന്റീന ലോക റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തുന്നത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീല്‍ മൂന്നിലേക്ക് വീണു. 11ാം സ്ഥാനത്തുള്ള മൊറോക്കോയോട് ബ്രസീല്‍ അടുത്തിടെ തോല്‍വി വഴങ്ങിയിരുന്നു. ഇത് അവര്‍ക്ക് തിരിച്ചടിയായി. ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ഫ്രാന്‍സാണ് രണ്ടാം സ്ഥാനത്ത്.ബെല്‍ജിയം, ഇംഗ്ലണ്ട്, നെതര്‍ലന്റസ്, ക്രൊയേഷ്യ, ഇറ്റലി, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. ജര്‍മ്മനി 14ാം സ്ഥാനത്താണ്.