പ്രീക്വാര്‍ട്ടര്‍ മാമാങ്കത്തിന് ഇന്ന് തുടക്കം; അര്‍ജന്റീന ഓസിസിനെതിരേ
ഗ്രൂപ്പ് എയില്‍ നിന്ന് രണ്ട് ജയങ്ങളും ഒരു സമനിലയുമായാണ് നെതര്‍ലന്റസ് വരുന്നത്.
അട്ടിമറികളുടെ ലോകകപ്പാണ് ഖത്തറില്‍ നടക്കുന്നത്. കിരീട ഫേവറിറ്റുകളായ അര്‍ജന്റീന, പോര്‍ച്ചുഗല്‍, ബ്രസീല്‍, സ്പെയിന്‍ എന്നിവര്‍ക്കെല്ലാം ആദ്യറൗണ്ടില്‍ താരതമ്യേന ദുര്‍ബലരെന്ന് വിശേഷിപ്പിക്കപ്പെടുന്ന ടീമുകളില്‍ നിന്ന് അടികിട്ടി. ജര്‍മനിയും ഉറുഗ്വായുമെല്ലാം പുറത്താവുകയും ചെയ്തു. ഇനി പോരാട്ടം പ്രീക്വാര്‍ട്ടറിലാണ്. തോല്‍ക്കുന്നവര്‍ക്കെല്ലാം നാട്ടിലേക്ക് മടങ്ങാം. പ്രീക്വാര്‍ട്ടറിലെ ആദ്യ മല്‍സരത്തില്‍ നെതര്‍ലന്റസ് ഇന്ന് അമേരിക്കയെ നേരിടും.
ഗ്രൂപ്പ് എയില്‍ നിന്ന് രണ്ട് ജയങ്ങളും ഒരു സമനിലയുമായാണ് നെതര്‍ലന്റസ് വരുന്നത്. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്താണ് അമേരിക്കയുടെ വരവ്. നിലവിലെ ഫോം കണക്കാക്കിയാല്‍ ഓറഞ്ച് പട അമേരിക്കയെ വീഴ്ത്തിയേക്കും. അവസാന മല്‍സരത്തിലെ ഹീറോ ആയി മാറിയ ക്രിസ്റ്റിയാന്‍ പുലിസിക്ക് ഇന്ന് നെതര്‍ലന്റസിനെതിരേ കളിക്കില്ല. കരുത്തരായ ഇംഗ്ലണ്ടിനെ സമനിലയില്‍ കുരുക്കിയ ആത്മവിശ്വാസത്തിലാണ് അമേരിക്കയെത്തുന്നത്.
ഇന്ത്യന്‍ സമയം രാത്രി 12.30നാണ് അര്‍ജന്റീനയുടെ മല്‍സരം. ആദ്യമല്‍സരത്തില്‍ സൗദി അറേബ്യയോടെ തോറ്റ മെസ്സിപ്പട രണ്ടാം പ്രീക്വാര്‍ട്ടറില്‍ ആസ്ട്രേലിയയെയാണ് നേരിടുന്നത്. മെക്സിക്കോയെയും പോളണ്ടിനെയും പരാജയപ്പെടുത്തി ഗ്രൂപ്പ് സിയില്‍ ഗ്രൂപ്പ് ജേതാക്കളായാണ് അര്‍ജന്റീനയെത്തുന്നത്. കീരിടത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കാത്ത നീലപ്പടയ്ക്കു മുന്നില്‍ ആസ്ട്രേലിയ വിലങ്ങുതടിയാവുമോ എന്ന് അന്നറിയാം. ഗ്രൂപ്പ് ഡിയില്‍ നിന്ന് രണ്ട് ജയങ്ങളുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമാണ് ആസ്ട്രേലിയ. നിലവില്‍ അര്‍ജന്റീനയുടെ എല്ലാ താരങ്ങളും ക്ലാസ്സിക്ക് ഫോമിലാണ്.
സോക്കുറൂസ് കാര്യമായ ഭീഷണി ഉയര്‍ത്തില്ലെന്നാണ് നിഗമനം. കരുത്തരായ ഡെന്‍മാര്‍ക്കിനെയാണ് ഓസിസ് അവസാന മല്‍സരത്തില്‍ മുട്ടുകുത്തിച്ചത്. അര്‍ജന്റീനയുടെ പ്രതിരോധ നിര ശക്തമാണ്. ലയണല്‍ മെസ്സിയുടെ ഫോം തന്നെയാണ് ടീമിന്റെ കരുത്ത്. കണക്കുകളും അര്‍ജന്റീനയ്ക്കൊപ്പമാണ്. ഓസിസും അര്‍ജന്റീനയും ഏഴ് തവണ ഏറ്റുമുട്ടിയപ്പോള്‍ അര്‍ജന്റീനയ്ക്ക് അഞ്ച് ജയവും ഓസ്ട്രേലിയക്ക് ഒരു ജയവുമാണുള്ളത്. ഒരു മല്‍സരം സമനിലയില്‍ കലാശിച്ചു.
മെസ്സിയുടെ 1000ാമത്തെ മല്‍സരമാണ് ഇന്നത്തേത് എന്നതും ശ്രദ്ധേയമാണ്. അര്‍ജന്റീന ജേഴ്സിയിലെ താരത്തിന്റെ 168ാം മല്‍സരമാണിത്. മെസ്സി ദൈവമല്ലെന്നും മറ്റെല്ലാ താരങ്ങളെയും പോലും ഒരു താരമാണെന്നും ഓസിസ് താരങ്ങള്‍ ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. ടീമില്‍ 11 മെസ്സിയില്ലെന്നും ഒരു മെസ്സിയാണുള്ളതെന്നുമാണ് ഓസിസ് ആത്മവിശ്വാസത്തോടെ പറയുന്നത്. ടീമിന്റെ കരുത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ഓസിസ് താരം മിലോസ് ഡെഗനിക്ക് പറഞ്ഞു. മെസ്സിപ്പടയുടെ ഖത്തറിലെ ലോകകപ്പ് പ്രയാണം തുടരുമോ എന്നറിയാന്‍ ഇന്ന് അര്‍ദ്ധരാത്രി വരെ കാത്തിരിക്കണം.