ലോകകപ്പ്; ഇറാനെ തരിപ്പണമാക്കി ത്രീ ലയണ്‍സ് തുടങ്ങി
43, 62 മിനിറ്റുകളിലാണ് സാക്കാ ഗോളുകള്‍ നേടിയത്.
ദോഹ: ഖത്തര്‍ ലോകകപ്പില്‍ കിരീട ഫേവററ്റുകളിലൊരാളായ ഇംഗ്ലണ്ടിന് ആദ്യ മല്‍സരത്തില്‍ ഭീമന്‍ ജയം. ഗ്രൂപ്പ് ബിയില്‍ ഇറാനെതിരേ ഗോള്‍മഴ പെയ്യിച്ചാണ് ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടം തുടങ്ങിയത്. 6-2നാണ് ഇംഗ്ലിഷ് പടയുടെ ജയം. മല്‍സരത്തില്‍ ആഴ്‌സണല്‍ താരം ബുക്കായോ സാക്ക ഇരട്ട ഗോള്‍ നേടിയപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മാര്‍ക്കസ് റാഷ്‌ഫോഡ് (71), മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജാക്ക് ഗ്രീലിഷ് (89), ചെല്‍സിയുടെ റഹീം സ്‌റ്റെര്‍ലിങ് (45), ബോറൂസിയാ ഡോര്‍ട്ട്മുണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാം (35) എന്നിവര്‍ ഇംഗ്ലണ്ടിനായി ഓരോ ഗോളും നേടി. 43, 62 മിനിറ്റുകളിലാണ് സാക്കാ ഗോളുകള്‍ നേടിയത്.
മെഹദി തരീമിയാണ് (65, ഇഞ്ചുറി ടൈം) ഇറാന്റെ രണ്ട് ഗോളുകളും നേടിയത്. മല്‍സരത്തിന്റെ 10ാം മിനിറ്റില്‍ തന്നെ അവരുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍ ബെയറന്വന്ദിനെ നഷ്ടമായി. ഇംഗ്ലണ്ട് താരവുമായ കൂട്ടിയിടിയില്‍ മൂക്കിന് പരിക്കേല്‍ക്കുകയായിരുന്നു. പകരം തുടര്‍ന്ന് വന്നത് ഹൊസേനി ആയിരുന്നു. ഇംഗ്ലിഷ് ഗോളടി വീരന്‍മാരുടെ മുന്നില്‍ ഹൊസേനിക്ക് പിടിച്ചുനില്‍ക്കാനായില്ല.