പോര്‍ച്ചുഗലിനെ അട്ടിമറിച്ച് കൊറിയ പ്രീക്വാര്‍ട്ടറിലേക്ക്; ഘാനയും ഉറുഗ്വെയും പുറത്ത്
ദോഹ: ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച പോര്‍ച്ചുഗലിനെ അട്ടിമറിച്ച് ദക്ഷിണകൊറിയ.2-1നാണ് ഏഷ്യന്‍ ശക്തികള്‍ പറങ്കികളെ അട്ടിമറിച്ചത്. ജയത്തോടെ കൊറിയ പ്രീക്വാര്‍ട്ടറില്‍ കയറി. ഇതേ സമയം ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ഉറുഗ്വെ ഘാനയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയിരുന്നു. ജയിച്ചിട്ടും ഉറുഗ്വെ പുറത്തായി. ഗോള്‍ ശരാശരിയില്‍ കൊറിയ ഉറുഗ്വെയെ പിന്തള്ളുകയായിരുന്നു. ദക്ഷിണകൊറിയയുടെ അട്ടിമറി ജയമാണ് ഉറുഗ്വെയുടെയും ഘാനയുടെയും സ്വപ്‌നങ്ങള്‍ തകര്‍ത്തത്.
അഞ്ചാം മിനിറ്റില്‍ റിക്കാര്‍ഡോ ഹോര്‍ട്ടയുടെ ഗോളില്‍ പോര്‍ച്ചുഗല്‍ ലീഡെടുത്തിരുന്നു. 27ാം മിനിറ്റില്‍ കിം യങ് വോണ്‍ കൊറിയയുടെ സമനില ഗോള്‍ നേടി.മല്‍സരം സമനിലയില്‍ എന്ന് ഉറപ്പിച്ച് നില്‍ക്കെയാണ് ഇഞ്ചുറി ടൈമില്‍ ഹ്വാങ് ഹീ ചാന്‍ വിജയഗോള്‍ നേടിയത്. ഗ്രൂപ്പില്‍ രണ്ട് സമനിലയുള്ള കൊറിയയുടെ ആദ്യ ജയമാണിത്. ആദ്യ പകുതി സമനിലയിലാണ് കലാശിച്ചത്. പ്രീക്വാര്‍ട്ടറിനായി കൊറിയക്ക് വേണ്ടത് ഒരു ഗോള്‍ കൂടി ആയിരുന്നു. രണ്ടാം പകുതിയില്‍ കൊറിയ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. ഒടുവില്‍ കൊറിയ അര്‍ഹിച്ച ജയം നേടി. ടോട്ടന്‍ഹാമിന്റെ സണ്‍ഹ്യുങ് മിന്നിന്റെ മുന്നേറ്റത്തിനൊടുവിലാണ് ഹ്വാങ് വിജയഗോള്‍ നേടിയത്.
ജിഓര്‍ജിയാന്‍ ദേരാസ്‌കായിറ്റയാണ് ഉറുഗ്വെയ്ക്കായി ഇരട്ട ഗോള്‍ നേടിയത്.രണ്ട് ഗോളും ആദ്യ പകുതിയിലായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ ഘാന നിരന്തരം അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഉറുഗ്വെയും പിന്നീട് ഗോളുകളുടെ എണ്ണം കൂട്ടാനായി ശ്രമിച്ചു. എന്നാല്‍ ഉറുഗ്വെയുടെ ജയം രണ്ട് ഗോളിന് അവസാനിച്ചു. ജയിച്ചിട്ടും പുറത്താവാനായിരുന്നു ഉറുഗ്വെയുടെ യോഗം.