ലോകകപ്പ്; ബെല്‍ജിയം പുറത്ത്; മൊറോക്കോയും ക്രൊയേഷ്യയും പ്രീക്വാര്‍ട്ടറില്‍
ദോഹ: ലോകകപ്പ് ഗ്രൂപ്പ് എഫില്‍ നിന്ന് മൊറോക്കോയും ക്രൊയേഷ്യയും അവസാന 16ല്‍ ഇടം നേടി. ഇന്ന് നടന്ന നിര്‍ണ്ണായക മല്‍സരങ്ങളില്‍ കാനഡയെ 2-1ന് പരാജയപ്പെടുത്തി ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയും ലോക രണ്ടാം റാങ്കുകാരായ ബെല്‍ജിയത്തെ സമനിലയില്‍ പൂട്ടി ക്രൊയേഷ്യയും കരുത്ത് കാട്ടി.
മല്‍സരത്തിന്റെ നാലാം മിനിറ്റില്‍ ഹക്കിം സിയെച്ചാണ് മൊറോക്കോയുടെ ആദ്യ ഗോള്‍ നേടിയത്. കാനഡയുടെ പ്രതിരോധ പിഴവ് മുതലാക്കിയ ഹക്കിം ബോക്‌സിന് പുറത്ത് നിന്ന് ഷോട്ട് വലയിലേക്ക് ഉതിര്‍ക്കുകയായിരുന്നു. 23ാം മിനിറ്റില്‍ യൂസഫ് എന്‍ നെസിരി മൊറോക്കോയുടെ ലീഡ് വീണ്ടും ഉയര്‍ത്തി. ഹക്കിം സിയെച്ചിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഈ ഗോള്‍. കാനഡയുടെ ഗോള്‍ മൊറോക്കോയുടെ പിഴവില്‍ നിന്നും വന്ന സെല്‍ഫ് ഗോളായിരുന്നു.
കാനഡ താരത്തിന്റെ മുന്നേറ്റം തടയാന്‍ ശ്രമിച്ച നയെഫ് അഗ്വേര്‍ഡിന്റെ കാലില്‍ തട്ടി പന്ത് വലയില്‍ പതിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ കാനഡ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു.എന്നാല്‍ ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഗ്രൂപ്പില്‍ ഏഴ് പോയിന്റുമായി ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് മൊറോക്കോ അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചത്.
ഇന്ന് ജയിച്ചാല്‍ മാത്രം പ്രീക്വാര്‍ട്ടര്‍ യോഗ്യത ലഭിക്കാവുന്ന ബെല്‍ജിയത്തെ നിലവിലെ റണ്ണര്‍അപ്പുകളായ ക്രൊയേഷ്യ ഗോള്‍രഹിത സമനിലയില്‍ പിടിക്കുകയായിരുന്നു. ഒരു ജയവും രണ്ട് സമനിലയുമായാണ് ക്രൊയേഷ്യ അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചത്.