ലോകകപ്പ്: ആദ്യജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് അഫ്ഗാനെതിരേ

രണ്ട് സമനിലയും ഒരു തോല്‍വിയുമുള്ള ഇന്ത്യയ്ക്ക് രണ്ട് പോയിന്റാണുള്ളത്. തജകിസ്താനില്‍ നടക്കുന്ന മല്‍സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.

Update: 2019-11-14 06:34 GMT

ന്യൂഡല്‍ഹി: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മല്‍സരത്തില്‍ ആദ്യജയം ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെതിരേ. യോഗ്യതാ റൗണ്ടില്‍ നാലാമത്തെ മല്‍സരത്തിലാണ് ഇന്ത്യ അഫ്ഗാനെ നേരിടുന്നത്. രണ്ട് സമനിലയും ഒരു തോല്‍വിയുമുള്ള ഇന്ത്യയ്ക്ക് രണ്ട് പോയിന്റാണുള്ളത്. തജകിസ്താനില്‍ നടക്കുന്ന മല്‍സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. ഗ്രൂപ്പ് ഇയിലെ രണ്ടാം റൗണ്ട് പോരാട്ടത്തില്‍ ഖത്തറിനെതിരേയും ബംഗ്ലാദേശിനെതിരേയും സമനില വഴങ്ങിയ ഇന്ത്യ ഒമാനോട് തോല്‍വിയേറ്റുവാങ്ങി. യോഗ്യതാ റൗണ്ട് കടക്കാനുള്ള ഇന്ത്യയുടെ അവസാനപ്രതീക്ഷയാണ് ഇന്നത്തെ മല്‍സരം. അഫ്ഗാനെതിരായ മല്‍സരം എളുപ്പമെങ്കിലും തജകിസ്ഥാനിലെ പ്രതികൂല കാലാവസ്ഥ ഇന്ത്യയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. തണുപ്പുകൂടിയ ദുഷെന്‍ബെയിലാണ് മല്‍സരം നടക്കുക.

പ്രത്യേകം തയ്യാറാക്കിയ ടര്‍ഫിലാണ് മല്‍സരം അരങ്ങേറുന്നത്. ഡിഫന്‍സിലെ പ്രമുഖ താരങ്ങളുടെ അസാന്നിധ്യവും ഇന്ത്യയ്ക്ക് വിനയായിട്ടുണ്ട്. ജിങ്കന് പുറമെ അനസ്സും ടീമിലില്ല. അനസ്സിന്റെ ഉമ്മ മരണപ്പെട്ടതിനാല്‍ താരം കേരളത്തിലാണുള്ളത്. രാഹുല്‍ ബെക്കെ, മന്ദര്‍ റാവു ദേശായി, അനിരുദ്ധ് ഥാപ്പ, റെയ്‌നിര്‍ ഫെര്‍ണാണ്ടസ്, സഹല്‍ അബ്ദു സമദ്, ഉദാന്ത സിങ്, ആഷിഖ് കുരുണിയന്‍ എന്നിവര്‍ ആദ്യ ഇലവനില്‍ ഇറങ്ങും. പോയിന്റ് നിലയില്‍ ഇന്ത്യ നാലാം സ്ഥാനത്തും അഫ്ഗാന്‍ മൂന്നാം സ്ഥാനത്തുമാണ്. അഫ്ഗാനിസ്ഥാന് ഒരു ജയവും രണ്ട് തോല്‍വിയുമാണുള്ളത്. മൂന്ന് പോയിന്റാണ് അഫ്ഗാന്‍ നേടിയത്. 

Tags:    

Similar News