ലോകകപ്പ്; ജര്‍മ്മനിക്ക് സമനില; മരണഗ്രൂപ്പ് വിധി അവസാന റൗണ്ടില്‍
അവസാന മല്‍സരത്തില്‍ ജര്‍മ്മനി കോസ്റ്ററിക്കയെയും സ്‌പെയിന്‍ ജപ്പാനെയുമാണ് നേരിടേണ്ടത്.
ദോഹ: ലോകകപ്പിലെ മരണ ഗ്രൂപ്പില്‍ നിന്ന് ആരെല്ലാം പ്രീക്വാര്‍ട്ടറില്‍ പ്രവേശിക്കുമെന്നറിയാന്‍ അവസാന റൗണ്ട് മല്‍സരം വരെ കാത്തിരിക്കണം. ഇന്ന് നടന്ന നിര്‍ണ്ണായക മല്‍സരത്തില്‍ സ്‌പെയിനിനോട് ജര്‍മ്മനി സമനില വഴങ്ങി. 1-1നാണ് മല്‍സരം അവസാനിച്ചത്. 62ാം മിനിറ്റില്‍ അല്‍വാരോ മൊറാറ്റയിലൂടെ സ്‌പെയിന്‍ ലീഡെടുത്തിരുന്നു. വിജയം ഉറപ്പിച്ചിരിക്കെയാണ് ഫുള്‍ക്രഗ് ജര്‍മ്മനിയുടെ സമനില ഗോള്‍ നേടിയത്. ജര്‍മ്മനി പരുക്കന്‍ കളിയാണ് പുറത്തെടുത്ത്. സ്‌പെയിന്‍ ആദ്യ കളിയിലെ പോലെ പാസ്സിങിന് മുന്‍ തൂക്കം നല്‍കുകയായിരുന്നു.
അവസാന മല്‍സരത്തില്‍ ജര്‍മ്മനി കോസ്റ്ററിക്കയെയും സ്‌പെയിന്‍ ജപ്പാനെയുമാണ് നേരിടേണ്ടത്. നിലവില്‍ പോയിന്റ് നിലയില്‍ ഒരു സമനിലയും ഒരു ജയവുമായി സ്‌പെയിന്‍ ഒന്നാം സ്ഥാനത്തും ഓരോ ജയങ്ങളുമായി ജപ്പാനും കോസ്റ്ററിക്കയും രണ്ടും മൂന്നും സ്ഥാനങ്ങളിലുമാണ്. ജര്‍മ്മനി അവസാന സ്ഥാനത്താണ്. അവസാന മല്‍സരത്തില്‍ ജര്‍മ്മനിക്കെതിരേ സമനില നേടിയാല്‍ കോസ്റ്ററിക്കയ്ക്ക് അടുത്ത റൗണ്ടില്‍ കയറാം. ജര്‍മ്മനിക്ക് കോസ്റ്ററിക്കയ്‌ക്കെതിരേ ജയിച്ചാല്‍ മാത്രമേ അടുത്ത റൗണ്ട് പ്രതീക്ഷയുള്ളൂ.ജപ്പാന്‍-സ്‌പെയിന്‍ മല്‍സരം സമനിലയിലായാലും ഗ്രൂപ്പിലെ രണ്ടാം മല്‍സരത്തിലെ ഫലത്തിനെ ആശ്രയിച്ചായിരിക്കും പ്രീക്വാര്‍ട്ടര്‍ പ്രവേശനം.