കേരളത്തിലെ ഫുട്‌ബോള്‍ ഫീവര്‍ അവസാനിച്ചിട്ടില്ല; വരുന്നൂ സൂപ്പര്‍ കപ്പ്; ഐഎസ്എല്‍ ടീമുകള്‍ അണിനരക്കും

കൊച്ചിയിലും കോഴിക്കോടും മഞ്ചേരിയിലുമായാണ് നടക്കുക.

Update: 2023-03-02 18:32 GMT

കൊച്ചി: ഐഎസ്എല്ലോടെ കേരളത്തിലെ ഫുട്‌ബോള്‍ ഫീവര്‍ അവസാനിക്കുന്നില്ല.രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഹീറോ സൂപ്പര്‍ കപ്പ് ഇന്ത്യന്‍ ഫുട്‌ബോളിലേക്ക് തിരികെ വരുന്നു. കേരളം ആതിഥേയത്വം വഹിക്കുന്ന സൂപ്പര്‍ കപ്പിലെ മത്സരങ്ങള്‍ കൊച്ചിയിലും കോഴിക്കോടും മഞ്ചേരിയിലുമായാണ് നടക്കുക. കൊച്ചിയിലെ ജവാഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം എന്നിവയാണ് മത്സരങ്ങള്‍ക്ക് വേദിയാകുക. ഏപ്രില്‍ എട്ട് മുതല്‍ 25 വരെയാണ് ടൂര്‍ണമെന്റ് അരങ്ങേറുക. ഏപ്രില്‍ മൂന്ന് മുതല്‍ യോഗ്യത മത്സരങ്ങള്‍ ആരംഭിക്കും.


ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ എല്ലാ ക്ലബ്ബുകളും സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് യോഗ്യത നേടും. ഈ സീസണ്‍ ഐ ലീഗിലെ ജേതാവും നേരിട്ട് യോഗ്യത നേടും. ബാക്കിയുള്ള നാല് സ്ലോട്ടുകള്‍ക്കായി ഐ ലീഗ് ക്ലബ്ബുകള്‍ യോഗ്യത റൗണ്ട് മത്സരങ്ങള്‍ കളിക്കും. കൊച്ചിയിലെ മത്സരങ്ങള്‍ രാത്രി ഏഴ് മണിക്കും മറ്റ് സ്ഥലങ്ങളില്‍ വൈകീട്ട് 4 മണിക്കുമാണ് നടക്കുക.

ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടം ഏപ്രില്‍ എട്ട് മുതല്‍ ഏപ്രില്‍ 19 വരെയും സെമി ഫൈനല്‍ മത്സരങ്ങള്‍ ഏപ്രില്‍ 21നും 22നും നടക്കും. ഏപ്രില്‍ 25 ന് ആയിരിക്കും സൂപ്പര്‍ കപ്പിന്റെ ഫൈനല്‍. സൂപ്പര്‍ കപ്പ് വിജയികള്‍ 2023-24 എഎഫ്സി കപ്പിലേക്കുള്ള യോഗ്യതക്കായി 2021 - 22 ഐ ലീഗ് ജേതാക്കളായ ഗോകുലം കേരളയോട് ഏറ്റുമുട്ടും.





Tags:    

Similar News