പെനാല്‍റ്റി പാഴാക്കി കെയ്ന്‍; ഇംഗ്ലണ്ട് വീണു; സെമിയിലേക്ക് കുതിച്ച് ഫ്രാന്‍സ്
82ാം മിനിറ്റിലാണ് ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ ടീമിന്റെ വില്ലനായത്.
ദോഹ: കിരീട ഫേവററ്റുകളായ മറ്റൊരു ടീം കൂടി ലോകകപ്പ് ക്വാര്‍ട്ടറില്‍ പുറത്തായി. കരുത്തരായ ഇംഗ്ലിഷ് പടയെ വീഴ്ത്തി സെമിയിലേക്ക് കുതിച്ചത് നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സാണ്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്റെ ജയം.ചൗമെനി(16), ഒലിവര്‍ ജിറൗഡ്(78) എന്നിവരാണ് ഫ്രാന്‍സിനായി സ്‌കോര്‍ ചെയ്തത്. ഫ്രാന്‍സിന്റെ രണ്ട് ഗോളുകള്‍ക്കും അസിസ്റ്റ് ഒരുക്കിയത് അന്റോണിയോ ഗ്രീസ്മാന്‍ ആയിരുന്നു. 54ാം മിനിറ്റില്‍ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന്റെ സമനില ഗോള്‍ നേടി. പെനാല്‍റ്റിയിലൂടെ ആയിരുന്നു ഈ ഗോള്‍.
84ാം മിനിറ്റിലാണ് ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ ടീമിന്റെ വില്ലനായത്. മേസണ്‍ മൗണ്ടിനെ തിയോ ഹെര്‍ണാണ്ടസ് തള്ളിയിട്ടതിന് ലഭിച്ച പെനാല്‍റ്റിയായിരുന്നു. കെയ്‌നെടുത്ത പെനാല്‍റ്റി പാഴായി. പന്ത് ബാറിന് മുകളില്‍ തട്ടി പോവുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ടിന്റെ തോല്‍വി അടുത്തെത്തിയിരുന്നു.
മല്‍സരത്തിന്റെ 18ാം മിനിറ്റില്‍ ഇംഗ്ലിഷ് ക്യാപ്റ്റനെ ഡയോട്ട് ഉപമെകാനോ ബോക്‌സില്‍ വീഴ്ത്തിയിരുന്നു. ഇതിന് റഫറിയോ വാറോ പെനാല്‍റ്റി നല്‍കിയില്ല. ടി വി റിപ്ലേകളിലും ഫൗള്‍ വ്യക്തമായിരുന്നു. എന്നാല്‍ വാര്‍ ഇത് ഫൗളല്ലെന്ന് വിധിച്ചു. ആദ്യ പകുതിയില്‍ എല്ലാ മേഖലയിലും ഇംഗ്ലണ്ട് മുന്നിട്ട് നിന്നെങ്കിലും ഗോള്‍ നേടി ലീഡെടുത്തത് ഫ്രാന്‍സായിരുന്നു. രണ്ടാം പകുതിയില്‍ ഇരുടീമും ഒപ്പത്തിനൊപ്പം അവസരങ്ങള്‍ സൃഷ്ടിക്കാന്‍ മല്‍സരിച്ചിരുന്നു. എന്നാല്‍ ജിറൗഡ് ലീഡെടുത്തതോടെ ഇംഗ്ലണ്ട് സമ്മര്‍ദ്ധത്തിനടിമപ്പെട്ടിരുന്നു. ഒടുവില്‍ പെനാല്‍റ്റി കൂടി പാഴായതോടെ ഇംഗ്ലണ്ട് തോല്‍വിയിലേക്ക് വഴുതുകയായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ക്രൊയേഷ്യയോട് തോറ്റാണ് ഇംഗ്ലണ്ട് നാട്ടിലേക്ക് മടങ്ങിയത്. തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് സെമിയിലേക്കാണ് ഫ്രാന്‍സ് കുതിച്ചത്. പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തിയ മൊറോക്കോയാണ് ഫ്രാന്‍സിന്റെ എതിരാളികള്‍.