മൊറോക്കന്‍ വീരഗാഥയ്ക്ക് അവസാനം; ലോകകപ്പില്‍ അര്‍ജന്റീനാ-ഫ്രാന്‍സ് ഫൈനല്‍
ഡെംബലേയ്ക്ക് പകരമിറങ്ങിയ മുവാനിയുടെ ആദ്യ ലോകകപ്പ് ഗോളാണ്.
ദോഹ: ഖത്തര്‍ ലോകകപ്പിലെ മൊറോക്കോയുടെ അപരാജിത കുതിപ്പിന് അവസാനം.നിലവിലെ ചാംപ്യന്‍മാരായ ഫ്രാന്‍സിനോട് സെമിയില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ആഫ്രിക്കന്‍ കരുത്തര്‍ അടിയറവ് പറഞ്ഞത്. ഫ്രാന്‍സിന്റെ പരിചയസമ്പത്തിന് മുന്നില്‍ അറബ് പ്രതീക്ഷ അവസാനിക്കുകയായിരുന്നു. അവസാനം വരെ പൊരുതി ലോക ചാംപ്യന്‍മാരെ പലപ്പോഴും ഞെട്ടിച്ചാണ് മൊറോക്കോയുടെ മടക്കം. ഫ്രാന്‍സിന്റെ ചരിത്രത്തിലെ നാലാം ഫൈനലാണ്.
മല്‍സരത്തിന്റെ അഞ്ചാം മിനിറ്റില്‍ തിയോ ഹെര്‍ണാണ്ടസ് ഫ്രാന്‍സിന് ലീഡ് നല്‍കി. കിലിയന്‍ എംബാപ്പെ, അന്റോണിയോ ഗ്രീസ്മാന്‍, വരാനെ എന്നിവരുടെ നീക്കത്തിനൊടുവിലാണ് ഹെര്‍ണാണ്ടസ് വലകുലിക്കിയത്. രണ്ടാം ഗോള്‍ സബ്ബായെത്തിയ റന്‍ഡല്‍ കോലോ മുവാനിയുടെ വകയായിരുന്നു. 79ാം മിനിറ്റില്‍ മൊറോക്കന്‍ പ്രതിരോധത്തെ തകര്‍ത്ത് എംബാപ്പെ നല്‍കിയ പാസാണ് മുവാനി ആറ് വാര അകലെ നിന്ന് ഗോളാക്കിയത്. ഡെംബലേയ്ക്ക് പകരമിറങ്ങിയ മുവാനിയുടെ ആദ്യ ലോകകപ്പ് ഗോളാണ്. ആദ്യ ടച്ച് തന്നെ ഗോളിലേക്ക് കലാശിക്കുകയായിരുന്നു.
മല്‍സരത്തില്‍ വന്‍ ആധിപത്യം പ്രതീക്ഷിച്ച ഫ്രാന്‍സിന് അത് ലഭിച്ചിരുന്നില്ല. എന്നാല്‍ കിട്ടിയ അവസരങ്ങള്‍ അനുഭവ സമ്പത്തിന്റെ ഒഴുക്കില്‍ ഫ്രഞ്ച് പട ഗോളാക്കുകയായിരുന്നു. മൊറോക്കോ ആവട്ടെ അവസരങ്ങള്‍ എല്ലാം നഷ്ടപ്പെടുത്തുകയും ചെയ്തു. മൊറോക്കയുടെ പ്രതിരോധ നിരയില്‍ നിരവധി വിള്ളലുകളാണ് ഇന്ന് വീണത്. ഫ്രാന്‍സിന്റെ രണ്ട് ഗോളുകളും മൊറോക്കോയുടെ നിസ്സാര വീഴ്ചയില്‍ നിന്നാണ് രൂപപ്പെട്ടത്.ചരിത്ര നേട്ടവുമായാണ് മൊറോക്കോയുടെ മടക്കം. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ സമനിലയില്‍ പിടിച്ച ബ്രസീലിനെ തകര്‍ത്ത ക്രൊയേഷ്യയാണ് മൊറോക്കോയുടെ എതിരാളി.