പൊരുതിയിട്ടും നിരാശ; മുംബൈയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് സീസണിലെ ആദ്യ പരാജയം
മത്സരത്തിന്റെ ആദ്യ നിമിഷങ്ങളില്‍ തന്നെ ഡാനിഷ് ഫാറൂഖിന്റെ ഒരു ഷോട്ട് ബ്ലാസ്റ്റേഴ്‌സിന്റെ ഗോളിന് അടുത്ത് എത്തിച്ചു. 11ാം മിനുട്ടില്‍ ലൂണയുടെ ഒരു ക്രോസ് നല്ല അവസരമായി മാറി പക്ഷെ ഡെയ്‌സുകെയ്ക്ക് അത് കണക്റ്റ് ചെയ്യാന്‍ ആയില്ല. ദിമിയുടെ ഒരു ലോംഗ് റേഞ്ച് എഫേര്‍ടും ആദ്യ പകുതിയില്‍ കാണാന്‍ ആയി.ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ ഡിയസിലൂടെ മുംബൈ സിറ്റി ലീഡ് എടുത്തു. ഡിഫന്‍സീവ് പിഴവില്‍ നിന്നായിരുന്നു ആ ഗോള്‍. ഇതോടെ ആദ്യ പകുതി മുംബൈക്ക് അനുകൂലമായി 1-0 എന്ന സ്‌കോറില്‍ അവസാനിച്ചു. രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കൂടുതല്‍ ആക്രമിക്കാന്‍ ശ്രമിച്ചു. 57ആം മിനുട്ടില്‍ ഇടതു വിങ്ങില്‍ നിന്ന് വന്ന സന്ദീപിന്റെ ക്രോസ് ലക്ഷ്യത്തില്‍ എത്തിച്ച് ഡാനിഷ് ഫാറൂഖ് കേരള ബ്ലാസ്റ്റേഴ്‌സിന് സമനില നല്‍കി. സ്‌കോര്‍ 1-1.
66ാം മിനുട്ടില്‍ അപുയിയയിലൂടെ മുംബൈ സിറ്റി വീണ്ടും ലീഡ് എടുത്തു. സ്‌കോര്‍ 2-1. ഇതിനു ശേഷം ബ്ലാസ്റ്റേഴ്‌സ് ഐമനെയും പെപ്രയെയും കളത്തില്‍ എത്തിച്ച് സമനില കണ്ടെത്താനായി ശ്രമിച്ചു. 78ാം മിനുട്ടില്‍ പെപ്രയുടെ ഹെഡര്‍ ചെറിയ വ്യത്യാസത്തിലണ് പുറത്തേക്ക് പോയത്. കേരള ബ്ലാസ്റ്റേഴ്‌സ് അവസാനം വരെ പൊരുതി നോക്കി എങ്കിലും സമനില ഗോള്‍ മാത്രം വന്നില്ല. അവസാനം ബ്ലാസ്റ്റേഴ്‌സിന്റെ മിലോസ് ഡ്രിഞ്ചിചും മുംബൈ സിറ്റിയുടെ വാന്‍ നീഫും ചുവപ്പ് കണ്ട് പുറത്ത് പോയി.ഈ പരാജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് 3 മത്സരങ്ങളില്‍ നിന്ന് 6 പോയിന്റുമായി നാലാമതായി നില്‍ക്കുകയാണ്. 7 പോയിന്റുള്ള മുംബൈ സിറ്റി രണ്ടാമതും നില്‍ക്കുന്നു.