ജര്‍മന്‍ ക്യാപ്റ്റന്‍ ഇല്‍കെ ഗുണ്ടോഗന്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നു വിരമിച്ചു
ബെര്‍ലിന്‍: ജര്‍മന്‍ ദേശീയ ടീം നായകനും ബാഴ്സലോണ താരവുമായി ഇല്‍കെ ഗുണ്ടോഗന്‍ ദേശീയ ടീമില്‍ നിന്നും വിരമിച്ചു. 34കാരന്റെ നേരത്തെയുള്ള വിരമിക്കലില്‍ ഫുട്‌ബോള്‍ ലോകം ഞെട്ടിയിരിക്കുകയാണ്. ക്ലബ്ബ് ഫുട്ബോളില്‍ തുടര്‍ന്നും കളിക്കുമെന്നു താരം വ്യക്തമാക്കി. 2011 മുതല്‍ ജര്‍മന്‍ ദേശീയ ടീമില്‍ കളിക്കുന്ന ഗുണ്ടോഗന്‍ ഇത്തവണ ജര്‍മനിയില്‍ അരങ്ങേറിയ യൂറോ കപ്പില്‍ ടീമിന്റെ നായകനായിരുന്നു. ജര്‍മനിയെ കിരീട നേട്ടത്തിലേക്ക് നയിക്കാന്‍ സാധിച്ചില്ലെങ്കിലും ടീം ക്വാര്‍ട്ടര്‍ വരെ എത്തുന്നതില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. 82 മത്സരങ്ങള്‍ രാജ്യത്തിനായി കളിച്ചു. 19 ഗോളുകളും നേടി. ജര്‍മനിക്കൊപ്പം കിരീട നേട്ടങ്ങള്‍ ഒന്നുമില്ല.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഞാന്‍ ആലോചനയിലായിരുന്നു. എന്റെ ദേശീയ ടീം കരിയര്‍ അവസാനിപ്പിക്കാമെന്ന തീരുമാനത്തില്‍ ഒടുവില്‍ ഞാന്‍ എത്തി. ജര്‍മനിക്കായി 82 മത്സരങ്ങള്‍ ഞാന്‍ കളിച്ചു. 2011ല്‍ സീനിയര്‍ ടീമിനായി അരങ്ങേറുമ്പോള്‍ ഇത്രയും മത്സരങ്ങള്‍ കളിക്കാമെന്ന സ്വപ്നം പോലും എനിക്കുണ്ടായിരുന്നില്ല. അങ്ങേയറ്റത്തെ അഭിമാനത്തോടെയാണ് പടിയിറങ്ങുന്നത്- വിരമിക്കല്‍ പ്രഖ്യാപിച്ച് താരം വ്യക്തമാക്കി.
ക്ലബ്ബ ് തലത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട്, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ക്കായും നേരത്തെ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലാണ് താരം ബാഴ്സലോണയില്‍ എത്തിയത്. അതിനിടെ താരം തിരികെ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകാനുള്ള നീക്കത്തിലാണെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ബൊറൂസിയക്കൊപ്പം ഒരു ബുണ്ടസ് ലീഗ, ഒരു ജര്‍മന്‍ കപ്പ്, ഒരു ജര്‍മന്‍ സൂപ്പര്‍ കപ്പ് കിരീട നേട്ടങ്ങള്‍. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം അഞ്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, രണ്ട് എഫ്എ കപ്പ്, നാല് ലീഗ് കപ്പ്, രണ്ട് കമ്മ്യൂണിറ്റി ഷീല്‍ഡ്, ഒരു ചാംപ്യന്‍സ് ലീഗ് കിരീട നേട്ടങ്ങള്‍.