സന്തോഷ് ട്രോഫി; ബംഗാളിന്റെ ഇഞ്ചുറി ടൈം ഗോളില്‍ കേരളത്തിന് കിരീടം നഷ്ടം
റോബി ഹാന്സ്ഡ ബംഗാളിന്റെ വിജയഗോള്‍ നേടി.
ഹൈദരാബാദ്: സന്തോഷ് ട്രോഫിയില്‍ ഇത്തവണ കിരീടം നേടാമെന്ന കേരളത്തിന്റെ മോഹങ്ങള്‍ അവസാനിച്ചു. കേരളത്തെ വീഴ്ത്തി പശ്ചിമ ബംഗാള്‍ കിരീടം സ്വന്തമാക്കി. ബംഗാളിന്റെ 33ാം കിരീടമാണ്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബംഗാളിന്റെ കിരീടനേട്ടം. എട്ടാം കിരീടം ലക്ഷ്യമിട്ടാണ് കേരളം ഇന്നിറങ്ങിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ റോബി ഹാന്‍സ്ഡയാണ് ബംഗാളിന്റെ വിജയഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ നേടാന്‍ കേരളത്തിന് അവസരം ലഭിച്ചെങ്കിലും ബോക്സിന് അകത്തു നിന്ന് ലഭിച്ച ഇന്‍ഡയറക്ട് ഫ്രീ കിക്കില്‍ ക്യാപ്റ്റന്‍ സഞ്ജു എടുത്ത ഷോട്ട് പുറത്തേക്ക് പോയതോടെ കേരളം തലകുനിച്ചു.
ആദ്യപകുതിയിലും രണ്ടാം പകുതിയില്‍ ആക്രമണത്തില്‍ മുന്നിട്ടു നിന്ന കേരളം നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അതൊന്നും ഗോളായി മാറിയില്ല. കേരളം ആക്രമിച്ചു കളിച്ചപ്പോള്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ നേടാനായിരുന്നു ബംഗാളിന്റെ ശ്രമം. ഒടുവില്‍ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുമെന്ന ഘട്ടത്തില്‍ കേരള ബോക്സിലേക്ക് ആദിത്യ ഥാപ്പ ഹെഡ് ചെയ്തു നല്കിയ പന്ത് കാലിലൊതുക്കി ബോക്സിലെ കൂട്ടപ്പൊരിച്ചിലില്‍ പോയിന്റ് ബ്ലാങ്കില്‍ നിന്ന് റോബി ഹാന്സ്ഡ ബംഗാളിന്റെ വിജയഗോള്‍ നേടി.
ടൂര്‍ണ്ണമെന്റിലുട നീളം കേരളം മിന്നും ഫോമിലായിരുന്നു. എന്നാല്‍ 2022ല്‍ മഞ്ചേരിയില്‍ ബംഗാളിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ചാംപ്യന്മാരായ കേരളത്തോടുള്ള മധുരപ്രതികാരം ബംഗാള്‍ ഇവിടെ തീര്‍ക്കുകയായിരുന്നു. സന്തോഷ് ട്രോഫിയില്‍ 47-ാം ഫൈനല്‍ കളിച്ച ബംഗാളിന്റെ 33-ാം കിരീട നേട്ടം കൂടിയാണിത്. പതിനാറാം ഫൈനല്‍ കളിച്ച കേരളം ഒമ്പതാം തവണയാണ് ഫൈനലില്‍ കാലിടറി വീഴുന്നത്.