എ.എഫ്.സി വനിതാ ക്ലബ്ബ് ടൂര്‍ണമെന്റ്: ഗോകുലം ഇന്ത്യയെ പ്രതിനിധീകരിക്കും
വരുന്ന ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 14 വരെ വിയറ്റനാമിലാണ് ചാംപ്യന്‍ഷിപ്പ് അരങ്ങേറുക.
ടി.പി ജലാല്‍
ന്യൂഡല്‍ഹി: ഏഷ്യയിലെ പ്രമുഖ വനിതാ ഫുട്‌ബോള്‍ മേളയായ എഎഫ്സി വിമന്‍സ് ക്ലബ് 2020-21 ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഹീറോ ഇന്ത്യന്‍ വിമന്‍സ് ലീഗ് നാലാം പതിപ്പ് ചാമ്പ്യന്മായ ഗോകുലം കേരള എഫ്സി പങ്കെടുക്കും. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) ജനറല്‍ സെക്രട്ടറിയാണ് പ്രഖ്യാപിച്ചത്.
അഞ്ചാമത് ഹീറോ ഇന്ത്യന്‍ വിമന്‍സ് ലീഗ് ഭുവനേശ്വറില്‍ ഒഡീഷ സ്‌പോര്‍ട്‌സ് ക്ലബ്ബ് എഐഎഫ്എഫുമായി ഏകോപിപ്പിച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗം വരുമെന്ന കണക്കുകൂട്ടലില്‍ മാറ്റി വെച്ചു. തുടര്‍ന്നാണ് നിലവിലെ ചാംപ്യന്‍മാരായ ഗോകുലത്തിനെ തിരഞ്ഞെടുത്തത്. വരുന്ന ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 14 വരെ വിയറ്റനാമിലാണ് ചാംപ്യന്‍ഷിപ്പ് അരങ്ങേറുക. ഇന്ത്യയില്‍ നിന്നും ഗോകുലത്തിന് പുറമെ ഇറാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ചൈനീസ് തായ്‌പേയ്, ജോര്‍ഡാന്‍, തായ്‌ലന്റ്, മ്യാന്‍മര്‍,വിയറ്റ്‌നാം രാജ്യങ്ങളില്‍ നിന്നുള്ള എട്ട് ചാംപ്യന്‍ ക്ലബ്ബുകളുമാണ് മത്സരിക്കുക. മുന്‍ ഇന്ത്യന്‍ വനിതാ കോച്ചും കണ്ണൂര്‍ സ്വദേശിയുമായ പി.വി പ്രിയ ആണ് ഗോകുലം എഫി.സിയുടെ പരിശീലക. കെവിന്‍ കിഷോര്‍ ആണ് മാനേജര്‍. നിലവിലെ ഐലീഗ് ചാംപ്യന്‍മാരായ പുരുഷ ടീമിന് പുറമെ വനിതാ ടീമിനും ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചതോടെ ഗോകുലം ക്ലബ്ബ് ഈ വര്‍ഷം മികച്ച നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.