ലാലിഗയില്‍ ബാഴ്‌സയക്ക് ഗ്രാനഡയോട് നാണം കെട്ട തോല്‍വി

ഏവേ മല്‍സരങ്ങളില്‍ തുടര്‍ച്ചയായി എട്ടാം തവണയാണ് കറ്റാലന്‍സ് പരാജയപ്പെടുന്നത്. മല്‍സരത്തിലുടെ നീളം ഗ്രാനഡയ്ക്ക് മുന്നില്‍ ഫോം കണ്ടെത്താനാവാതെ വിഷമിക്കുകയായിരുന്നു ബാഴ്‌സ താരങ്ങള്‍.

Update: 2019-09-22 02:46 GMT

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് നാണം കെട്ട തോല്‍വി. രണ്ടാം ഡിവിഷനില്‍ നിന്നെത്തിയ ഗ്രാനഡയോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് ബാഴ്‌സ തോറ്റത്. ജയത്തോടെ ഗ്രാനഡ ലീഗില്‍ ഒന്നാമതെത്തി. ബാഴ്‌സ ഏഴാം സ്ഥാനത്താണ്.

ഏവേ മല്‍സരങ്ങളില്‍ തുടര്‍ച്ചയായി എട്ടാം തവണയാണ് കറ്റാലന്‍സ് പരാജയപ്പെടുന്നത്. മല്‍സരത്തിലുടെ നീളം ഗ്രാനഡയ്ക്ക് മുന്നില്‍ ഫോം കണ്ടെത്താനാവാതെ വിഷമിക്കുകയായിരുന്നു ബാഴ്‌സ താരങ്ങള്‍. മല്‍സരം തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ റാമോണ്‍ അസീസായിലൂടെ ഗ്രാനഡ ലീഡ് നേടി. എന്നാല്‍, ബാഴ്‌സ താരങ്ങള്‍ പൊരുതാന്‍ ഉറച്ചെങ്കിലും ഗ്രാനഡ പ്രതിരോധത്തിന് മുന്നില്‍ തകരുകയായിരുന്നു.

സൂപ്പര്‍ താരം ലയണല്‍ മെസ്സിയെയും കൗമാരതാരം അന്‍സു ഫാറ്റിയെയും രണ്ടാം പകുതിയിലാണ് ബാഴ്‌സ ഇറക്കിയത്. എന്നാല്‍, ഇരുവര്‍ക്കും ടീമിനായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 66ാം മിനിറ്റില്‍ വഡില്ലോയുടെ ഒരു പെനല്‍റ്റിയിലൂടെ ആതിഥേയര്‍ ലീഡ് രണ്ടാക്കുകയും ജയമുറപ്പിക്കുകയും ചെയ്തു.

സ്പാനിഷ് ലീഗില്‍ ചരിത്രത്തില്‍ ആദ്യമായാണ് ബാഴ്‌സ ഏഴാം സ്ഥാനത്തെത്തുന്നത്. മറ്റൊരു മല്‍സരത്തില്‍ സെല്‍റ്റാ വിഗോ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചു. ലെവന്റേ-ഐബര്‍ മല്‍സരവും ഗോള്‍ രഹിത സമനിലയില്‍ തന്നെ കലാശിച്ചു. അതിനിടെ മറ്റൊരു തകര്‍പ്പന്‍ മല്‍സരത്തില്‍ റയല്‍ വലാഡോളിഡിനെ വിയ്യാറയല്‍ 2-0ന് തോല്‍പ്പിച്ചു. 

Tags:    

Similar News