ഹാരി കെയ്നിനെ ഇംഗ്ലണ്ടിലെ ക്ലബ്ബുകള്‍ക്ക് വില്‍ക്കില്ല: ടോട്ടന്‍ഹാം
ക്ലബ്ബ് വിടാന്‍ ആഗ്രഹിക്കുന്ന താരത്തിന് പ്രീമിയര്‍ ലീഗ് ഒഴികെയുള്ള ക്ലബ്ബിലേക്ക് പോകാമെന്നാണ് മാനേജ്മെന്റ് തീരുമാനം.
ന്യൂയോര്‍ക്ക്: ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്നിനെ പ്രീമിയര്‍ ലീഗിലെ ഒരു ക്ലബ്ബിനും വില്‍ക്കില്ലെന്ന് ടോട്ടന്‍ഹാം. ക്ലബ്ബ് വിടാന്‍ ആഗ്രഹിക്കുന്ന താരത്തിന് പ്രീമിയര്‍ ലീഗ് ഒഴികെയുള്ള ക്ലബ്ബിലേക്ക് പോകാമെന്നാണ് മാനേജ്മെന്റ് തീരുമാനം. 2018ല്‍ ടോട്ടന്‍ഹാമിലെത്തിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കാനെ ആറു വര്‍ഷത്തെ കരാറിലാണ് ടോട്ടന്‍ഹാമിലെത്തിയത്. എന്നാല്‍ അടുത്തിടെയാണ് താരം ക്ലബ്ബ് വിടുന്നതായി പ്രഖ്യാപിച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ക്ലബ്ബ് തന്നെയാണ് ആദ്യം കാനെയെ വില്‍ക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ടോട്ടന്‍ഹാമിനെ കഴിഞ്ഞ തവണ ചാംപ്യന്‍സ് ലീഗിലെ അവസാന സ്റ്റേജ് വരെ എത്തിച്ചതിന് പിന്നില്‍ കാനെയുടെ പ്രകടനമാണ്. ലീഗിലെ സ്പര്‍സിന്റെ നാലാം സ്ഥാനത്തിന് പിന്നിലും കാനെയുടെ കഴിവായിരുന്നു. നേരത്തെ യുവന്റസ് താരത്തിനായി മുന്നിലുണ്ടായിരുന്നു. എന്നാല്‍ പരിക്കില്‍ നിന്നും മോചിതനാവാന്‍ കാനെയ്ക്ക് സമയം പിടിക്കുമെന്ന കാരണത്താല്‍ സിറ്റി താരം ജീസുസിനെ യുവന്റസ് നോട്ടമിടുകയായിരുന്നു. നിലവില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് ചേക്കേറാനാണ് കാനെയ്ക്ക് താല്‍പ്പര്യം. യുനൈറ്റഡിനും സ്ട്രൈക്കറെ സ്വന്തമാക്കാന്‍ താല്‍പ്പര്യമുണ്ട്. എന്നാല്‍ ടോട്ടന്‍ഹാമിന്റെ പുതിയ പ്രഖ്യാപനം താരത്തിന് തിരിച്ചടിയായിരിക്കുകയാണ്. 200 മില്ല്യണ്‍ യൂറോയാണ് ടോട്ടന്‍ഹാം കാനെയ്ക്ക് നല്‍കിയ വില.