പ്രീമിയര്‍ ലീഗില്‍ ലെസ്റ്ററിനെ വീഴ്ത്തി സ്പര്‍സ്; ബേണ്‍മൗത്ത് പുറത്ത്

ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ ഹാരി കെയ്‌നിന്റെ ഇരട്ട ഗോളാണ് ടീമിനെ തുണയായത്.

Update: 2020-07-19 18:56 GMT

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിയെ വീഴ്ത്തി ടോട്ടന്‍ഹാം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് മൗറീഞ്ഞോയുടെ കുട്ടികളുടെ ജയം. ഇടവേളയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ ഹാരി കെയ്‌നിന്റെ ഇരട്ട ഗോളാണ് ടീമിനെ തുണയായത്. സ്പര്‍സിന്റെ ആദ്യ ഗോള്‍ സെല്‍ഫ് ഗോളായിരുന്നു. ജയത്തോടെ സ്പര്‍സ് അവരുടെ യൂറോപ്പാ ലീഗ് യോഗ്യതയ്ക്ക് അരികെയെത്തി. ലീഗില്‍ അവര്‍ ആറാം സ്ഥാനത്താണ്. എന്നാല്‍ തോല്‍വി ലെസ്റ്ററിന്റെ ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്ക് തിരിച്ചടിയായി.

നാലാം സ്ഥാനത്തുള്ള ലെസ്റ്ററിനും അഞ്ചാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും ഒരേ പോയിന്റാണുള്ളത്. ലെസ്റ്ററിന് ലീഗില്‍ ഒരു മല്‍സരമാണ് ബാക്കിയുള്ളത്. ഇതാവട്ടെ യുനൈറ്റഡിനെതിരേയും. യുനൈറ്റഡിന് രണ്ട് മല്‍സരങ്ങളാണ് ശേഷിക്കുന്നത്. ഒരു പോയിന്റ് ലഭിച്ചാല്‍ യുനൈറ്റഡ് ടോപ് ഫോറിലേക്ക് കുതിക്കും. അടുത്ത രണ്ട് മല്‍സരങ്ങളും ജയിച്ച് ചാംപ്യന്‍സ് ലീഗ് യോഗ്യത നേടാനാണ് സോള്‍ഷ്യറിന്റെ ടീം ഇറങ്ങുക. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ സതാംപ്ടണ്‍ എതിരില്ലാത്ത രണ്ട് ഗോളിന് ബേണ്‍മൗത്തിനെ തോല്‍പ്പിച്ചു. ഇതോടെ ബേണ്‍മൗത്തിന്റെ റെലഗേഷനും ഉറപ്പായി. 19ാം സ്ഥാനത്തുള്ള ബേണ്‍മൗത്തിന് 31 പോയിന്റ് മാത്രമാണുള്ളത്. 20ാം സ്ഥാനത്തുള്ള നോര്‍വിച്ച് നേരത്തെ ലീഗില്‍ നിന്ന് പുറത്തായിരുന്നു. 

Tags:    

Similar News