നാലാം ട്വന്റിയില്‍ ഇന്ത്യ പിടിമുറുക്കി; എട്ട് റണ്‍സ് ജയം

നേരിട്ട ആദ്യ പന്ത് സിക്‌സര്‍ പറത്തിയാണ് സൂര്യ ഇന്ത്യന്‍ ടീമിലേക്കുള്ള വരവറിയിച്ചത്.

Update: 2021-03-18 17:55 GMT


അഹ്മദാബാദ്: ട്വന്റി-20 പരമ്പര ഇന്ന് കൈക്കലാക്കാമെന്ന ഇംഗ്ലണ്ട് മോഹത്തിന് ഇന്ത്യയുടെ തിരിച്ചടി. നിര്‍ണ്ണായകമായ നാലാം ട്വന്റിയില്‍ ഇന്ത്യ എട്ട് റണ്‍സിന് ജയിച്ചു. അവസാന ഓവര്‍ വരെ ഇരുടീമിനും ജയ പ്രതീക്ഷയുണ്ടായ മല്‍സരം ഒടുവില്‍ ഇന്ത്യന്‍ വരുതിയിലാവുകയായിരുന്നു. ഇതോടെ പരമ്പര 2-2 സമനിലയിലായി. 20ന് നടക്കുന്ന അവസാന ട്വന്റിയില്‍ ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാവും.


ഇന്ത്യ ഉയര്‍ത്തിയ 186 റണ്‍സ് ലക്ഷ്യം പിന്‍തുടര്‍ന്ന ഇംഗ്ലണ്ടിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. അവസാന ഓവറുകളില്‍ ജൊഫ്രാ ആര്‍ച്ചറും (18*), ജോര്‍ദ്ദനും (12) പൊരുതിയെങ്കിലും ഫലമുണ്ടായില്ല.ഇംഗ്ലണ്ട് നിരയില്‍ ജേസണ്‍ റോ (40), സ്‌റ്റോക്ക്‌സ് (46) എന്നിവരാണ് മികച്ച ബാറ്റിങ് കാഴ്ചവച്ചത്.


നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു.നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 185 റണ്‍സെടുത്തു. ഇന്ത്യന്‍ ടീമിനായി ആദ്യമായി ബാറ്റ് ചെയ്ത സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 31 പന്തില്‍ സൂര്യ 57 റണ്‍സാണ് നേടിയത്. നേരിട്ട ആദ്യ പന്ത് സിക്‌സര്‍ പറത്തിയാണ് സൂര്യ ഇന്ത്യന്‍ ടീമിലേക്കുള്ള വരവറിയിച്ചത്. ട്വന്റിയില്‍ അരങ്ങേറ്റത്തില്‍ നേരിട്ട ആദ്യ പന്ത് സിക്‌സര്‍ പറത്തിയ ആദ്യ ഇന്ത്യക്കാരന്‍ എന്ന റെക്കോഡ് സൂര്യയുടെ പേരിലായി. ഋഷഭ് പന്ത് (30), ശ്രേയസ്സ് അയ്യര്‍ (37) എന്നിവരാണ് ഇന്ന് മികച്ച പ്രകടനം നടത്തിയ മറ്റ് താരങ്ങള്‍. കോഹ്‌ലി ഒരു റണ്ണെടുത്ത് പുറത്തായപ്പോള്‍ രോഹിത്ത് (12), രാഹുല്‍ (14),ഹാര്‍ദ്ദിക്ക് പാണ്ഡെ (11) എന്നിവര്‍ക്ക് കാര്യമായ ചലനം സൃഷ്ടിക്കാനായില്ല. കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ഇഷാന്‍ കിഷനെയും യുസ്‌വേന്ദ്ര ചാഹലിനെയും ഒഴിവാക്കിയാണ് സൂര്യകുമാറിനെയും രാഹുല്‍ ചാഹറിനെയും ഉള്‍പ്പെടുത്തിയത് . ഇന്ത്യയ്ക്കായി ശ്രാദ്ദുല്‍ ഠാക്കൂര്‍ മൂന്നും രാഹുല്‍ ചാഹര്‍, ഹാര്‍ദ്ദിക്ക് പാണ്ഡെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി.




Tags:    

Similar News