ട്വന്റി-20 ക്രിക്കറ്റില്‍ പുതുചരിത്രം രചിച്ച് സിംബാബ് വെ; 20 ഓവറില്‍ നേടിയത് 344 റണ്‍സ്
നെയ്‌റോബി : ട്വന്റി-20 ക്രിക്കറ്റില്‍ പുതുചരിത്രം സൃഷ്ടിച്ച് സിംബാബ് വെ. ട്വന്റി-20 ലോകകപ്പ് ആഫ്രിക്കന്‍ യോഗ്യതാ റൗണ്ട് മത്സരത്തിലാണ് ട്വന്റിയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സിംബാബ് വെ പടുത്തുയര്‍ത്തിയത്. ഗാംബിയക്കെതിരേ 20 ഓവറില്‍ നാലിന് 344 റണ്‍സാണ് സിംബാബ് വെ അടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗെയിംസില്‍ മംഗോളിയക്കെതിരേ നേപ്പാള്‍ കുറിച്ച 314 റണ്‍സിന്റെ റെക്കോഡാണ് സിംബാബ്വെ മറികടന്നത്.
ഇതോടൊപ്പം ഈ മാസം ഹൈദരാബാദില്‍ ബംഗ്ലാദേശിനെതിരേ ആറിന് 297 റണ്‍സടിച്ച് ഇന്ത്യന്‍ ടീം സ്ഥാപിച്ച റെക്കോഡും സിംബാബ്വെ തിരുത്തി. ടെസ്റ്റ് യോഗ്യതയുള്ള രാജ്യം ട്വന്റിയില്‍ കുറിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടമാണ് ഇന്ത്യയെ മറികടന്ന് സിംബാബ്വെ സ്വന്തമാക്കിയത്. 27 സിക്സറുകളും 30 ബൗണ്ടറികളും സിംബാബ്വെ ഇന്നിങ്സില്‍ പിറന്നു. ഇതും റെക്കോഡാണ്.
ഗാംബിയയെ വെറും 54 റണ്‍സിന് പുറത്താക്കി 290 റണ്‍സിന്റെ വമ്പന്‍ ജയം നേടിയ സിംബാബ്വെ ചരിത്രത്തിലെ റണ്‍സ് അടിസ്ഥാനത്തിലെ ഏറ്റവും ഉയര്‍ന്ന ജയമെന്ന റെക്കോഡും സ്വന്തമാക്കി. മംഗോളിയക്കെതിരേ നേപ്പാള്‍ നേടിയ 273 റണ്‍സിന്റെ റെക്കോഡ് ജയമാണ് സിംബാബ്വെ പഴങ്കഥയാക്കിയത്. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയുടെ വെടിക്കെട്ട് സെഞ്ചുറിയാണ് സിംബാബ്വെയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. വെറും 33 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച റാസ 43 പന്തുകള്‍ നേരിട്ട് 15 സിക്സും ഏഴ് ഫോറുമടക്കം 133 റണ്‍സോടെ പുറത്താകാതെ നിന്നു.
ട്വന്റി-20-യില്‍ ഒരു താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി എന്ന റെക്കോഡും ട്വന്റി-20യില്‍ സെഞ്ചുറി നേടുന്ന ആദ്യ സിംബാബ്വെ താരമെന്ന നേട്ടവും ഇതോടെ 38-കാരനായ റാസ സ്വന്തമാക്കി. 26 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത ബ്രിയാന്‍ ബെന്നെറ്റും 19 പന്തില്‍ നിന്ന് 62 റണ്‍സടിച്ച ടി. മറുമാനിയും 17 പന്തില്‍ നിന്ന് 53 റണ്‍സെടുത്ത ക്ലൈവ് മഡാന്‍ഡെയുമെല്ലാം സിംബാബ്വെ സ്‌കോറിലേക്ക് കാര്യമായി സംഭാവന ചെയ്തു.
ഒരു ട്വന്റി-20യില്‍ ഏറ്റവും കൂടുതല്‍ സിക്സറുകളെന്ന നേട്ടവും സിംബാബ്വെയുടെ പേരിലായി. 27 സിക്സറുകളാണ് അവര്‍ ഗാംബിയക്കെതിരേ നേടിയത്. 26 സിക്സറുകള്‍ നേടിയ നേപ്പാളിന്റെ റെക്കോഡാണ് സിംബാബ്വെ മറികടന്നത്.