ഇന്ത്യന്‍ താരം അന്‍വര്‍ അലിക്ക് നാലുമാസത്തെ വിലക്ക്, 12.9 കോടി പിഴ; ഈസ്റ്റ് ബംഗാളിനും ഡല്‍ഹിക്കും ട്രാന്‍സ്ഫര്‍ വിലക്ക്

അടുത്ത സീസണിലെ ആദ്യ ഐ.എസ്.എല്‍. മത്സരം മുതലായിരിക്കും അന്‍വറിന്റെ വിലക്ക് തുടരുക.

Update: 2024-09-10 14:44 GMT

കൊല്‍ക്കത്ത: മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സില്‍ നിന്ന് ഈസ്റ്റ് ബംഗാളിലേക്ക് കൂടുമാറിയ ഇന്ത്യന്‍ പ്രതിരോധ താരം അന്‍വര്‍ അലിക്ക്് നാലുമാസത്തെ വിലക്കേര്‍പ്പെടുത്തി അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍. കൂടാതെ 12.90 കോടി രൂപ പിഴയുമടക്കണം. അന്‍വര്‍ അലിയും ഡല്‍ഹി എഫ്.സിയും ഈസ്റ്റ് ബംഗാളും ചേര്‍ന്നാണ് ഈ പിഴയടയ്ക്കേണ്ടത്. ഇരു ക്ലബ്ബുകള്‍ക്കും അടുത്ത രണ്ട് സീസണുകളില്‍ ട്രാന്‍സ്ഫര്‍ വിലക്കും ഏര്‍പ്പെടുത്തി. അടുത്ത സീസണിലെ ആദ്യ ഐ.എസ്.എല്‍. മത്സരം മുതലായിരിക്കും അന്‍വറിന്റെ വിലക്ക് തുടരുക.

മോഹന്‍ ബഗാനുമായുള്ള നാലുവര്‍ഷക്കരാറാണ് അന്‍വര്‍ അലിക്കുണ്ടായിരുന്നത്. കഴിഞ്ഞ ജൂലായ് ഒന്‍പതിന് കരാര്‍ ഏകപക്ഷീയമായി അവസാനിപ്പിച്ച് തന്റെ മാതൃക്ലബ്ബായ ഡല്‍ഹി എഫ്.സി.യിലേക്ക് മടങ്ങി. 24 മണിക്കൂര്‍ പൂര്‍ത്തിയാവുംമുന്നേ തന്നെ അലി ട്രാന്‍സ്ഫര്‍ കരാറില്‍ ഈസ്റ്റ് ബംഗാളിലെത്തി. ഡല്‍ഹി എഫ്.സി.യും ഈസ്റ്റ് ബംഗാളും അന്‍വര്‍ അലിയും ചേര്‍ന്നുള്ള ത്രികക്ഷി ട്രാന്‍സ്ഫര്‍ കരാറില്‍ അഞ്ചുവര്‍ഷത്തേക്കാണ് ഒപ്പുവെച്ചത്.

ട്രാന്‍സ്ഫര്‍ തുകയായി 2.5 കോടി രൂപ ഈസ്റ്റ് ബംഗാള്‍ ഡല്‍ഹി എഫ്.സി.ക്ക് നല്‍കി.കൂടാതെ അഞ്ചുവര്‍ഷത്തേക്ക് 24 കോടി രൂപ അന്‍വറിന് ശമ്പളമായി നല്‍കുമെന്നും ധാരണയായി. ലോയല്‍റ്റി ബോണസായ 8.5 കോടി രൂപ ഉള്‍പ്പെടെയാണിത്. ഇതിനിടെ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കുന്നതിനുള്ള എന്‍.ഒ.സി. ലഭിക്കുന്നതിനായി അന്‍വര്‍ എ.ഐ.എഫ്.എഫിന്റെ പ്ലെയേഴ്സ് സ്റ്റാറ്റസ് കമ്മിറ്റിയെ (പി.എസ്.സി.) സമീപിച്ചിരുന്നു. മോഹന്‍ ബഗാനുമായുള്ള കരാര്‍ അവസാനിപ്പിച്ചത് നീതീകരിക്കാനാവില്ലെന്ന് പി.എസ്.സി. വ്യക്തമാക്കിയെങ്കിലും എന്‍.ഒ.സി. നല്‍കി. കഴിഞ്ഞ ഓഗസ്റ്റ് 22-ന് കേസ് പരിഗണിച്ച പി.എസ്.സി. അന്തിമ വിധി പറയുന്നതിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.






Tags:    

Similar News