പ്ലേ ഓഫ് ലക്ഷ്യം; കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഈസ്റ്റ് ബംഗാളിനെതിരേ
ഒരു പോയിന്റ് പിന്നിലായി എടികെയും രണ്ട് പോയിന്റ് പിന്നിലായി എഫ്‌സി ഗോവയും ബ്ലാസ്റ്റേഴ്‌സിന് ഭീഷണിയായുണ്ട്.
കൊല്‍ക്കത്ത: പ്ലേ ഓഫ് ലക്ഷ്യം സജീവമാക്കാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇന്ത്യ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെതിരേ ഇറങ്ങും. പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ച ഈസ്റ്റ് ബംഗാള്‍ പോയിന്റ് നിലയില്‍ കുതിപ്പ് നടത്തുക എന്ന ലക്ഷ്യത്തിലാണ് ഇന്നിറങ്ങുക. ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്താണ്. ഈസ്റ്റ് ബംഗാള്‍ ഒമ്പതാം സ്ഥാനത്താണ്. കൊല്‍ക്കത്തയില്‍ രാത്രി 7.30നാണ് മല്‍സരം. ബ്ലാസ്റ്റേഴ്‌സ് നിരയില്‍ പ്രഭ്‌സുഖന്‍ ഗില്‍ ഇന്നിറങ്ങില്ല.
ചെന്നൈയിന്‍ എഫ്‌സി, ബെംഗളൂരു എഫ്‌സി, എടികെ മോഹന്‍ ബഗാന്‍, ഹൈദരാബാദ് എഫ്‌സി എന്നിവരെയാണ് കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ നേരിടാനുള്ളത്. ചെന്നൈയിനെയും ഹൈദരാബാദിനെയും കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സ് നേരിടുക എന്ന ആനുകൂല്യം ടീമിനുണ്ട്. നിലവില്‍ മുംബൈ സിറ്റി എഫ്സിയാണ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. 16 മത്സരങ്ങളില്‍ 42 പോയിന്റാണ് മുംബൈ ടീമിനുള്ളത്. 15 കളിയില്‍ 35 പോയിന്റുമായി ഹൈദരാബാദ് രണ്ടാമത് നില്‍ക്കുന്നു. ഇത്രതന്നെ മത്സരങ്ങളില്‍ 28 പോയിന്റുമായാണ് ബ്ലാസ്റ്റേഴ്‌സ് മൂന്നാമത് തുടരുന്നത്. ഒരു പോയിന്റ് പിന്നിലായി എടികെയും രണ്ട് പോയിന്റ് പിന്നിലായി എഫ്‌സി ഗോവയും ബ്ലാസ്റ്റേഴ്‌സിന് ഭീഷണിയായുണ്ട്.