ഐഎസ്എല്‍; ഗോവയെ വീഴ്ത്തി ബെംഗളൂരുവിന് സെമി ആദ്യപാദം സ്വന്തം; ഫൈനലിലേക്ക് ഒരു കടമ്പ കൂടി

ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യപാദ സെമിയില്‍ ബെംഗളൂരു എഫ്സിക്ക് ജയം. സ്വന്തം തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് എഫ്സി ഗോവയെയാണ് തോല്‍പിച്ചത്. എഡ്ഗര്‍ മെന്‍ഡിസ്(51) ഗോള്‍നേടിയപ്പോള്‍, സന്തേഷ് ജിങ്കന്റെ (42)സെല്‍ഫ് ഗോളും ആതിഥേയര്‍ക്ക് അനുകൂലമായി.
ഐഎസ്എല്ലില്‍ രണ്ടാം സ്ഥാനക്കാരായി നേരിട്ടാണ് ഗോവ ഐഎസ്എല്‍ യോഗ്യത നേടിയത്. പ്ലേഓഫില്‍ മുംബൈ സിറ്റി എഫ്സിയെ തോല്‍പിച്ചാണ് ബെംഗളൂരു അവസാന നാലില്‍ ഇടംപിടിച്ചത്. പന്തടക്കത്തിലും ഷോട്ടുതിര്‍ക്കുന്നതിലും മുന്നിലാണെങ്കിലും ഫിനിഷിങിലെ പോരായ്മകളാണ് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായത്. ഏപ്രില്‍ ആറിന് സ്വന്തം തട്ടകമായ ഫത്തോഡ സ്റ്റേഡിയത്തില്‍ മൂന്ന് ഗോള്‍ മാര്‍ജിനിലെങ്കിലും ജയിക്കാനായാല്‍ മാത്രമാകും ഗോവക്ക് ഫൈനല്‍ ഉറപ്പിക്കാനാകുക. രണ്ടാം സെമിയില്‍ നാളെ ജംഷഡ്പൂര്‍ എഫ്സി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്സിനെ നേരിടും.