വെംബ്ലിയില്‍ ഫൈനലിസിമ; യൂറോ-കോപ്പാ ജേതാക്കള്‍ ഇന്ന് കൊമ്പുകോര്‍ക്കും
മെസ്സിയടക്കമുള്ള പരിചയസമ്പന്നരായ താരങ്ങളാണ് അര്‍ജന്റീനയുടെ കരുത്ത്.
വെംബ്ലി: ഇംഗ്ലണ്ടിലെ വെംബ്ലിയില്‍ ഇന്ന് ലോകകപ്പ് ഫൈനിലിനെ വെല്ലുന്ന പോരാട്ടം. യൂറോ കപ്പ് ജേതാക്കളായ ഇറ്റലിയും കോപ്പാ അമേരിക്കാ ജേതാക്കളായ അര്‍ജന്റീനയുമാണ് ഫൈനലിസിമയില്‍ ഏറ്റുമുട്ടുന്നത്. ജയിക്കുന്ന ടീമിന് ലോകത്തിലെ മികച്ച ടീമെന്ന പേരും കിരീടവും ലഭിക്കും. രാത്രി 12.15നാണ് മല്‍സരം. നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യൂറോ-കോപ്പാ ജേതാക്കള്‍ പരസ്പരം ഏറ്റുമുട്ടുന്നത്. കോപ്പയില്‍ ചിരവൈരികളായ ബ്രസീലിനെ വീഴ്ത്തിയാണ് അര്‍ജന്റീനയുടെ വരവ്. ഇറ്റലിയാകട്ടെ ഇംഗ്ലണ്ടിനെ യൂറോയില്‍ മറികടന്നാണ് വരുന്നത്.
യൂറോയില്‍ തോറ്റതിന് ഇംഗ്ലണ്ട് ആരാധകര്‍ വെംബ്ലിയില്‍ അര്‍ജന്റീനയ്ക്ക് പിന്തുണ നല്‍കിയാവും ഇറ്റലിയോട് പകരം വീട്ടുക. യുവന്റസ് ക്യാപ്റ്റന്‍ ജോര്‍ജ്ജിയോ ചെല്ലിനിയുടെ ഇറ്റലിയ്ക്കായുള്ള അവസാന അന്താരാഷ്ട്ര മല്‍സരമാണ്. ലോകകപ്പ് യോഗ്യത പ്ലേ ഓഫിലും ലഭിക്കാത്ത ഇറ്റലിക്ക് ഈ കിരീടം നേടിയ മതിയാവൂ. ഇറ്റലി നിരവധി യുവതാരങ്ങള്‍ക്ക് ഇന്ന് അവസരം നല്‍കുമ്പോള്‍ ലയണല്‍ മെസ്സിയടക്കമുള്ള പരിചയസമ്പന്നരായ താരങ്ങളാണ് അര്‍ജന്റീനയുടെ കരുത്ത്.