ഡ്യൂറന്റ് കപ്പ്; കേരളാ ബ്ലാസ്റ്റേഴ്‌സിനെ അട്ടിമറിച്ച് ഗോകുലം കേരള
അസ്ഹര്‍, അയ്മന്‍, ജീക്സണ്‍, നിഹാല്‍ സുധീഷ്, ജസ്റ്റിന്‍ എന്നിവരും ആദ്യ ഇലവനിലിറങ്ങി.
കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ ഞെട്ടിക്കുന്ന തോല്‍വി. ഗോകുലം കേരളാ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിനെ അട്ടിമറിച്ചത്. മൂന്നിനെതിരെ നാലു ഗോളിനാണ് ഗോകുലത്തിന്റെ വിജയം. ആദ്യ പകുതിയില്‍ മൂന്നിനെതിരെ ഒരു ഗോളിന് പിന്നിലായിരുന്നു ബ്ലാസ്റ്റേഴ്സ്. 17-ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ തലവച്ച് ബൗബയാണ് ഗോകുലത്തിനായി ആദ്യ ഗോള്‍ നേടിയത്. 34-ാം മിനിറ്റില്‍ ഇമ്മാനുവല്‍ ജസ്റ്റിനിലൂടെ കേരളം തിരിച്ചടിച്ചു. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയെടുത്ത കോര്‍ണര്‍ കിക്കില്‍ നിന്ന് വീണു കിട്ടിയ പന്ത് ജസ്റ്റിന്‍ വലയിലേക്ക് തട്ടിയിടുകയായിരുന്നു. എന്നാല്‍ 42-ാം മിനിറ്റില്‍ മലയാളി താരം ശ്രീകുട്ടന്റെ ഹെഡര്‍ ഗോളിലൂടെ ഗോകുലം വീണ്ടും മുന്നിലെത്തി. ആദ്യ പകുതിയിലെ ഇഞ്ച്വറി ടൈമില്‍ ഹൈദ്രോം സിങ് വീണ്ടും വലകുലുക്കിയതോടെ സ്‌കോര്‍ 3-2.
രണ്ടാം പകുതിയില്‍ അഭിജിത്തിന്റെ തകര്‍പ്പന്‍ ലോങ് റേഞ്ചറിലൂടെ ഗോകുലം വീണ്ടും മുമ്പിലെത്തി. പെനാല്‍റ്റി ബോക്സിന് പുറത്ത് നിന്ന് അഭിജിത്ത് തൊടുത്ത മിസൈല്‍ കീപ്പര്‍ സച്ചിന്‍ സുരേഷിന് ഒരവസരവും കൊടുക്കാതെയാണ് വലയില്‍ തിരയിളക്കിയത്. തുടര്‍ന്ന് 53-ാം മിനിറ്റില്‍ മഞ്ഞപ്പട ലക്ഷ്യം കണ്ടു. പ്രബീര്‍ ദാസ് ആയിരുന്നു സ്‌കോറര്‍. തുടര്‍ന്ന് ക്യാപ്റ്റന്‍ ലൂണ 77-ാം മിനിറ്റില്‍ വല കുലുക്കി. എന്നാല്‍ കായികമായി മേല്‍ക്കൈയുള്ള ഗോകുലം പ്രതിരോധം ഇളകിയില്ല.
മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം മോശമായിരുന്നു. പുതിയ സൈനിങ് നവോച്ചം സിങ് ശരാശരിക്കും താഴെയുള്ള പ്രകടനമാണ് കാഴ്ചവച്ചത്. സീസണിലെ ആദ്യ കളിയില്‍ ലൂനയും ജീക്സണും ഒഴികെയുള്ള പ്രമുഖരെ ബഞ്ചിലിരുത്തിയാണ് ബ്ലാസ്റ്റേഴ്സ് പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചത്. മോഹന്‍ബഗാനില്‍ നിന്നെത്തിയ പ്രീതം കോട്ടാലും പ്രബീര്‍ദാസും ആദ്യ ഇലവനില്‍ ഇടം പിടിച്ചു. ഗോള്‍ വലയ്ക്ക് കീഴെ സച്ചിന്‍ സുരേഷായിരുന്നു. പ്രബീറിനും കോട്ടാലിനുമൊപ്പം നവോച്ച, ബിജോയ് എന്നിവരായിരുന്നു പ്രതിരോധത്തില്‍. അസ്ഹര്‍, അയ്മന്‍, ജീക്സണ്‍, നിഹാല്‍ സുധീഷ്, ജസ്റ്റിന്‍ എന്നിവരും ആദ്യ ഇലവനിലിറങ്ങി.