കൊച്ചി: പ്രീ-സീസണ്‍ ഒരുക്കങ്ങളുടെ അവസാന ഘട്ടമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി യുഎയിലേക്ക് യാത്ര തിരിച്ചു. ഇന്ന് ടീം കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് വിമാനം കയറി. സെപ്റ്റംബര്‍ 16 വരെ പതിനൊന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന ക്യാമ്പാണ് ബ്ലാസ്റ്റേഴ്‌സിന് യുഎഇയിലുള്ളത്. യുഎഇ പ്രോ-ലീഗ് ക്ലബ്ബുകളുമായി മൂന്ന് സൗഹൃദ മത്സരങ്ങളും ഈ കാലയളവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി കളിക്കും.
സെപ്റ്റംബര്‍ ഒമ്പതിന് അല്‍ വാസല്‍ എഫ്‌സിക്കെതിരെയാണ് സബീല്‍ സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ സൗഹൃദ മത്സരം. ആ മത്സരത്തിനായുള്ള ടിക്കറ്റുകള്‍ ഇതിനകം വില്‍പ്പന ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 12ന് ഷാര്‍ജ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ഷാര്‍ജ ഫുട്‌ബോള്‍ ക്ലബ്ബിനെയും സെപ്റ്റംബര്‍ 15ന് കഴിഞ്ഞ വര്‍ഷത്തെ പ്രോ ലീഗ് ചാംപ്യന്മാരായ അല്‍ അഹ്ലിയെയും നേരിടും. ഷഹാബ് അല്‍ അഹ്ലി സ്റ്റേഡിയം അല്‍ അവിര്‍ ദുബായിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അല്‍ അഹ്ലിക്കെതിരായ പോരാട്ടം.
പ്രീസീസണ്‍ മത്സരങ്ങളുടെ ടെലികാസ്റ്റ് ഉണ്ടാകുമോ എന്ന് വ്യക്തമല്ല. കൊച്ചിയിലും കൊല്‍ക്കത്തയിലുമായി ഒരു മാസത്തില്‍ അധികമായി കേരള ബ്ലാസ്റ്റേഴ്‌സ് പ്രീ-സീസണ്‍ പരിശീലനം ആരംഭിച്ചിട്ട്. ബ്ലാസ്റ്റേഴ്‌സ് ഡ്യൂറന്റ് കപ്പിന്റെ 132-ാം പതിപ്പിലും പങ്കെടുത്തിരുന്നു. ഐ എസ് എല്ലില്‍ ബെംഗളൂരുവിന് സെപ്റ്റംബര്‍ 21ന് നേരിട്ട് കൊണ്ടാകും ബ്ലാസ്റ്റേഴ്‌സിന്റെ ലീഗ് സീസണ്‍ തുടങ്ങുക.